| Sunday, 2nd November 2025, 10:59 pm

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു; ആരോഗ്യനില ഗുരുതരം, പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. താഴെ വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. യുവതിക്ക് ആന്തരിക രക്തസ്രാവമുള്ളതായും ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. കേരള എക്‌സ്പ്രസില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. പരിക്കേറ്റിരിക്കുന്നത് പാലോട് സ്വദേശി സോനയ്ക്കാണെന്നാണ് വിവരം.

സംഭവത്തില്‍ തിരുവനന്തപുരം പനച്ചിമൂട് സ്വദേശിയായ സുരേഷ് കുമാര്‍ പിടിയിലായി. കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ ഇയാള്‍ തള്ളിയിട്ടത്.

യുവതിയെ പ്രതി നടുവിന് ചവിട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം മദ്യലഹരിയിലാണെന്നും വിവരമുണ്ട്.

പരിക്കേറ്റ യുവതിക്കൊപ്പം അര്‍ച്ചനയെന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. തങ്ങളെ രണ്ട് പേരെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചുവെന്ന് അര്‍ച്ചന മാധ്യമങ്ങളോട് പ്രതികരിച്ചു. ജനറൽ കമ്പാർട്ട്മെന്റിലെ ബാത്ത്റൂമിൽ പോയി വരുന്നതിനിടെയാണ് അതിക്രമം നേരിട്ടതെന്നും പെൺകുട്ടി പറയുന്നു.

Content Highlight: Woman pushed off train in Varkala; condition critical, suspect arrested

We use cookies to give you the best possible experience. Learn more