| Wednesday, 3rd December 2025, 8:53 am

രാജ് ഭവനിൽ വീണ്ടും കാവികൊടിയേന്തിയ സ്ത്രീ; ലീഗ്, കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തു; സി.പി.ഐ.എം ബഹിഷ്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചു. കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലാണ് കാവിക്കൊടിയെന്തിയ സ്ത്രീയുടെ ചിത്രം വേദിയിൽ സ്ഥാപിച്ചത്.

പരിപാടിയിൽ ബി.ജെ.പി സിൻഡിക്കേറ്റ് അംഗത്തോടൊപ്പം മുസ്‌ലിം ലീഗ്, കോൺഗ്രസ് സിൻഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.

ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ചടങ്ങ് ബഹിഷ്കരിച്ചു. പരിപാടി മാറ്റിവെക്കണമെന്നും ഇടതുപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെയാണ് പരിപാടി നടത്തിയതെന്നാണ് വിവരം.

ഭക്തിയാർ കെ. ദാദാ ഭായി, ഡോ. ജോൺ മത്തായിയെ കുറിച്ച് എഴുതിയ ജീവചരിത്രഗ്രന്ഥമായ ഹോണസ്റ്റ് ജോൺ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചാൻസലർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ പുസ്തകം പ്രകാശനം ചെയ്തത്.

സർവകലാശാലയുടെ മതേതര പാരമ്പര്യം തകർക്കാനുള്ള നീക്കമാണിതെന്നും അതിന്റെ ഭാഗമായാണ് പരിപാടിയിൽ കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചതെന്നും കാലിക്കറ്റ് സർവകലാശാല ഇടത്പക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.

സിൻഡിക്കേറ്റ് അംഗങ്ങളോട് ആലോചനകൾ നടത്താതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സിൻഡിക്കേറ്റ് അംഗം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവരുടെ ഇറങ്ങിപ്പോക്കും വിവാദങ്ങളെ തുടർന്നും രാജ്‌ഭവനിലെ ഔദ്യോഗിക പരിപാടിയിൽ ചിത്രം സ്ഥാപിക്കില്ലെന്ന് നേരത്തെ അധികൃതർ നിലപാടെടുത്തിരുന്നു.

ഇതിനുപിന്നാലെയാണ് സമാനമായ രീതിയിൽ ഔദ്യോഗിക പരിപാടിയിൽ വീണ്ടും ചിത്രം സ്ഥാപിച്ചത്.

Content Highlight: Woman hoists saffron flag at Raj Bhavan again; League and Congress attended; CPIM boycotted

We use cookies to give you the best possible experience. Learn more