[share]
[] മലപ്പുറം: പോലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ തിലകന്‍, ഗിരീഷ്, ലതിക എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
മാളൂര്‍ സ്വദേശിനി അനീഷയെ (28) പുലര്‍ച്ചെ അഞ്ച് മണിയോടെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ് യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കേസില്‍ ഇന്നലെയാണ് അനീഷയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് കുറ്റിപ്പുറത്തുനിന്ന് പണം പിന്‍വലിച്ചിരുന്നു. അവിടെ കാമറയില്‍ പതിഞ്ഞ ചിത്രം ഈ യുവതിയുടേതായിരുന്നു. മോഷ്ടിച്ച മാല പ്രതിയോടൊപ്പം ഒരു ജ്വല്ലറിയില്‍ നിന്ന് മാല പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
അതേ സമയം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്താത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രിയില്‍ വനിതാ പോലീസിന്റെ സേവനവും ലഭ്യമായിരുന്നില്ല. ഇവര്‍ മാത്രമാണ് കസ്റ്റഡിയിലുണ്ടായിരുന്നത്. മരണത്തിനു പിന്നില്‍ പീഡനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.