| Wednesday, 10th June 2026, 6:46 am

മരുന്ന് വേണമെങ്കില്‍ ഹിജാബ് മാറ്റണം; യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

നിഷാന. വി.വി

ലഖ്‌നൗ: യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി. ഹിജാബ് അഴിച്ച് മാറ്റിയാല്‍ മാത്രമേ മരുന്ന് നല്‍കാന്‍ കഴിയൂ എന്ന് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ പറഞ്ഞതായി യുവതി പറഞ്ഞു.

കാണ്‍പൂരിലെ ഉര്‍സുല ഹോര്‍സ്മാന്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് വിഷയത്തിനാസ്പദമായ സംഭവം. തന്റെ ദുരനുഭവം പങ്കുവെച്ച് കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായിട്ടുണ്ട്.

ടോക്കണ്‍ നമ്പര്‍ വാങ്ങി മുപ്പത് മുതല്‍ അറുപത് മിനിറ്റ് വരെ കാത്തുനിന്ന ശേഷമാണ് തനിക്ക് മരുന്ന് തരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും യുവതി പറയുന്നു.

ആശുപത്രി പരിസരത്ത് മോഷണം വര്‍ധിക്കുന്ന സാഹചര്യമുണ്ടെന്നും അതിനാല്‍ ഹിജാബ് നീക്കം ചെയ്യണമെന്നുമായിരുന്നു ഡോക്ട്രര്‍മാര്‍ യുവതിയോട് ആവശ്യപ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നു.
മുസ്‌ലിം സ്ത്രീകളെ മാത്രം പ്രത്യേകം ലക്ഷ്യം വെക്കുന്നതായും യുവതി പറയുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡ്രസ്സ് കോഡ് നിയമങ്ങള്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ബാധകമല്ല. ഏത് നിയമപ്രകാരമാണ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാന്‍ ആശുപത്രി അധികൃതരെ കാണാന്‍ പോകുന്നതിനിടയിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും യുവതി പറഞ്ഞു.
എന്നാല്‍ ആശുപത്രി അധികൃതരോ ഉത്തര്‍പ്രദേശ് സര്‍ക്കാരോ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Content Highlight: Woman denied medicine at UP government hospital, says she has to remove hijab to get medicine

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more