| Thursday, 19th June 2025, 1:29 pm

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണക്കിരയാക്കി, ജീവനൊടുക്കി യുവതി; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ റിമാന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടവിചാരണക്കിരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ റിമാന്റില്‍. കേസിലെ പ്രതികളായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് റിമാന്റ് ചെയ്തത്.

എം.സി മന്‍സിലില്‍ വി.സി മുബഷിര്‍, കണിയാന്റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍ക്കണ്ടി ഫൗസില്‍ വി.കെ റഫാസ് എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിണറായി പൊലീസാണ് അറസ്റ്റ് ചെയ്തത്.

റെസീന ആത്മഹത്യ കുറിപ്പില്‍ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവരെ തലശ്ശേരി സബ് ജയിലിലേക്കാണ് റിമാന്റ് ചെയ്തത്.

പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കായോട് പറമ്പായിലാണ് സംഭവം. പറമ്പാടി റെസീന മന്‍സിലില്‍ റെസീനയെ കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.

റെസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് ചോദ്യം ചെയ്യുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായതാണ് സംഭവത്തിനാസ്പദമായ സംഭവം. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപത്ത് കാറിനരികില്‍ വെച്ചായിരുന്നു റെസീന സുഹൃത്തിനോട് സംസാരിച്ചത്.

റെസീനയെ സദാചാര സംഘം വീട്ടിലേക്ക് തിരിച്ചയക്കുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത് മൈതാനത്ത് എത്തിക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂറോളമാണ് സംഘം യുവാവിനെ വിചാരണ ചെയ്തത്.

പിന്നാലെ ഫോണും ടാബും പിടിച്ചെടുക്കുകയും രാത്രി എട്ടരയോടെ പറമ്പായിലെ എസ്.ഡി.പി.ഐ ഓഫീസിലെത്തിക്കുകയും ഇരുവരുടെയും വീട്ടുകാരെ അവിടേക്ക് വിളിച്ച് വരുത്തുകയും ചെയ്യുകയായിരുന്നു.

യുവാവിനെ വിട്ടയച്ചിട്ടും ഫോണും മറ്റ് ഉപകരണങ്ങളും വിട്ട് നല്‍കാന്‍ സംഘം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ഇവ കണ്ടെത്തുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Content Highlight: Woman commits suicide after being lynched for talking to friend: SDPI activists remanded

We use cookies to give you the best possible experience. Learn more