| Sunday, 11th May 2025, 3:03 pm

ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; മുംബൈക്കാരിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഓപ്പറേഷൻ സിന്ദൂരിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച സ്ത്രീക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മുംബൈയിലെ മാൽവാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മാൽവാനി-മലാദിലെ ഒസിസിയിൽ താമസിക്കുന്ന 40 വയസുള്ള സൽമ റഫീഖ് ഖാൻ എന്ന സ്ത്രീക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

മാൽവാനി പ്രദേശത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുന്ന യുവതി സായുധ സേന അടുത്തിടെ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനായ ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ചുകൊണ്ട് ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടിരുന്നു.

സർക്കാരുകളുടെ അശ്രദ്ധമായ തീരുമാനങ്ങൾക്ക് വില നൽകുന്നത് നിരപരാധികളായ ജനങ്ങളാണെന്നായിരുന്നു അവരുടെ വിമർശനം.
‘സർക്കാരുകൾ അശ്രദ്ധമായ തീരുമാനങ്ങൾ എടുക്കുമ്പോൾ, ഇരുവശത്തുമുള്ള നിരപരാധികളാണ് വില നൽകുന്നത്, അധികാരത്തിലിരിക്കുന്നവരല്ല,’ പോസ്റ്റിൽ സൽമ റഫീഖ് ഖാൻ പറഞ്ഞു.

പോസ്റ്റിൽ ഓപ്പറേഷനെക്കുറിച്ച് അശ്ലീല പരാമർശവും നടത്തിയിരുന്നെന്ന് അധികാരികൾ പറയുന്നു. ഇത് കുറ്റകരവും പ്രകോപനപരവുമാണെന്ന് കണ്ടെത്തിയ അധികാരികൾ കേസെടുക്കുകയായിരുന്നു. മാൽവാനി പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കേസ് രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചു.

‘പൊതുജനങ്ങളെ കുഴപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353 ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ബാധകമായ വകുപ്പുകൾ എന്നിവ പ്രകാരം ഇവർക്കെതിരെ ഞങ്ങൾ കേസെടുത്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത ഉള്ളടക്കം ഒരു ദേശീയ സുരക്ഷാ പ്രവർത്തനത്തെ പ്രകോപിപ്പിക്കുന്നതും അനാദരവ് കാണിക്കുന്നതുമാണ്. ഞങ്ങൾ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്,’ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പാകിസ്ഥാനെ പിന്തുണച്ചെന്നാരോപിച്ച് പൂനെയിൽ എൻജിനിയറിങ് വിദ്യാർത്ഥിനി അറസ്റ്റിലായിരുന്നു. പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് പൂനെയിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന 19 കാരിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഖതിജ ഷെയ്ഖ് (19) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോസ്റ്റ് ചെയ്തതായി ഒരു തീവ്ര ഹിന്ദുത്വവാദ സംഘടന അവകാശപ്പെട്ടിരുന്നു. തീവ്ര ഹിന്ദുത്വവാദ സംഘടനയുടെ പരാതിക്ക് പിന്നാലെയായിരുന്നു വിദ്യാർത്ഥിനിയുടെ അറസ്റ്റ്. പരാതിയെത്തുടർന്ന് കോന്ധ്വ പൊലീസാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്.

Content Highlight: Woman booked in Mumbai for criticising ‘Operation Sindoor’ on social media

We use cookies to give you the best possible experience. Learn more