| Saturday, 23rd August 2025, 10:48 pm

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തു; ഗാസിയാബാദില്‍ യുവതിക്ക് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് യുവതിക്ക് മര്‍ദനം. തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ യുവതി ആക്രമിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യാഷിക ശുക്ല എന്ന യുവതിയാണ് മര്‍ദനം നേരിട്ടത്. സംഭവത്തില്‍ കമല്‍ ഖന്ന എന്നയാള പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയെ ഇയാള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും എട്ട് തവണ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പുറത്തുവന്ന വീഡിയോയില്‍, യുവതിയാണ് തന്നെ ആദ്യം അടിച്ചതെന്ന് കമല്‍ ഖന്ന ആരോപിക്കുന്നതായും സ്ത്രീക്കൊപ്പമുണ്ടായിരുന്ന വ്യക്തിയോട് ഈ സംഭവം നിങ്ങള്‍ ഫോണില്‍ പകര്‍ത്തണമെന്നും പറയുന്നതായി കേള്‍ക്കാം. വീഡിയോയുടെ തുടക്കത്തില്‍ ഇയാള്‍ യാഷിക ശുക്ലയുടെ അടുത്തേക്ക് വരുന്നതായി കാണാം. തുടര്‍ന്ന് യുവതി പിന്നിലോട്ട് മാറുന്നുമുണ്ട്.

തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ നിര്‍ണായക ഇടപെടലുകള്‍ക്ക് പിന്നാലെയാണ് സംഭവം. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തിരികെ വിടണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

ദല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഉത്തരവ്.

വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികള്‍ പരിഗണിക്കുന്ന കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി തേടിയിരുന്നു.

തെരുവുനായ പ്രശ്‌നം സംബന്ധിച്ച് ദേശീയതലത്തില്‍ നയം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഈ ഇടപെടല്‍.

എന്നാല്‍ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ദല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ ആദ്യം കേസെടുത്തത്. രണ്ടംഗ ബെഞ്ച് സ്വമേധയാ കേസെടുക്കുകയിരുന്നു.

പിന്നീട് ദല്‍ഹി/എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പ്രത്യേകം സജ്ജീകരിച്ച ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്.

Content Highlight: Woman attacked in Ghaziabad for feeding stray dogs

We use cookies to give you the best possible experience. Learn more