| Sunday, 27th July 2025, 11:49 am

ധർമസ്ഥല കൂട്ടക്കൊല; എസ്.ഐ.ടിക്ക് മൊഴി നൽകി ശുചീകരണ തൊഴിലാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: ധർമസ്ഥല കൂട്ടകൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) അന്വേഷണം ആരംഭിച്ചു. കേസിലെ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി ഇന്നലെ ( ശനിയാഴ്ച) അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ മുമ്പാകെ മൊഴി രേഖപ്പെടുത്തി. മംഗളൂരുവിലെ കദ്രിയിലെ മല്ലിക്കാട്ടെയിലുള്ള പി.ഡബ്ല്യു.ഡി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്‌.ഐ.ടി ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.

ധർമസ്ഥലയിൽ മൃതദേഹം കൂട്ടമായി കുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടെന്ന് മുൻ ക്ഷേത്ര ശുചീകരണ ജീവനക്കാരൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ഇയാൾ വെളിപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് സമീപത്തെ കാട്ടിൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 1994 മുതൽ 2014 വരെയുള്ള കാലയളവിലാണ് നൂറിലേറെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടതെന്നാണ് ക്ഷേത്രം ജീവനക്കാരൻ്റെ മൊഴി. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് സംസ്കാരം നടത്തിച്ചത്. കാടിനുള്ളിൽ കുഴിയെടുക്കാൻ മാനേജർ വിളിച്ചു പറയും പിന്നീട് മൃതദേഹം ഇങ്ങോട്ടേക്ക് എത്തിക്കുകയാണ് പതിവ്. വിദ്യാർഥികൾ ഉൾപ്പെടെ പലരുടേയും വസ്ത്രമില്ലാത്ത മൃതദേഹങ്ങൾ കുഴിച്ച് മൂടിയിട്ടുണ്ട്. ലോഡ്ജിൽ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളും കാട്ടിൽ കുഴിച്ച് മൂടിയിട്ടുണ്ട്. സ്ത്രീകൾക്കൊപ്പം പുരുഷൻമാരും ലോഡ്ജിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു.

ഡി.ഐ.ജി അനുച്ഛേതിൻ്റെ നിർദേശ പ്രകാരം ഡി.സി.പി ജിതേന്ദ്ര കുമാറാണ് മൊഴിയെടുപ്പ് നടത്തിയത്. ജീവനക്കാരൻ മൊഴി മാറ്റാൻ സാധ്യതയുള്ളതിനാൽ മൊഴി വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച, ഡി.ഐ.ജി എം.എൻ അനുചേത്, അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമ എന്നിവരുൾപ്പെടെയുള്ള എസ്‌.ഐ.ടി ഉദ്യോഗസ്ഥർ മംഗളൂരുവിലെത്തി ദക്ഷിണ കന്നഡ പൊലീസിൽ നിന്നും കേസ് ഫയലുകൾ ഔദ്യോഗികമായി വാങ്ങിയിരുന്നു.

അവർ അന്വേഷണത്തിന്റെ ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ ദയാമ ധർമസ്ഥല പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

1998നും 2014നും ഇടയില്‍ ധർമസ്ഥല ഗ്രാമപരിധിയിലും പരിസര പ്രദേശങ്ങളിലും ലൈംഗിക പീഡനത്തിന് ഇരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശുചിത്വ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ടിനും ധർമസ്ഥല പൊലീസ് സ്റ്റേഷനും പരാതി നൽകിയിരുന്നു.

കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ തന്നെ നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അദ്ദേഹത്തിന്റെ പരാതിക്ക് പിന്നാലെ വലിയ കോളിളക്കം ഉണ്ടായി. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. തുടർന്ന് ജൂലൈ നാലിന് ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 19 ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിച്ചു.

ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രണവ് മൊഹന്തി നയിക്കുന്ന ഈ സംഘത്തിൽ, ഡി.ഐ.ജി എം.എൻ അനുചേത്ത്, സി.എ.ആർ ആസ്ഥാനത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) സൗമ്യലത, പൊലീസ് സൂപ്രണ്ട് (എസ്.പി ) ജിതേന്ദ്ര കുമാർ ദയാമ എന്നിവർ അംഗങ്ങളാണ്.

Content Highlight: Witness-complainant records statement as SIT begins probe into Dharmasthala mass burial case

We use cookies to give you the best possible experience. Learn more