| Wednesday, 17th September 2025, 10:23 am

ഖത്തറിനെതിരായ ആക്രമണം; ഐക്യരാഷ്ട്രസഭയിലും ഇസ്രഈലിന്റെ പേര് പറയാതെ അപലപിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖത്തറില്‍ അടുത്തിടെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തെ, ഇസ്രഈലിന്റെ പേര് പറയാതെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

ഖത്തറില്‍ നടന്ന ആക്രമണം മേഖലയിലെ സുരക്ഷാ സാഹചര്യത്തെ ബാധിച്ചതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, എന്നാല്‍ ആക്രമണം നടത്തിയ ഇസ്രഈലിനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന അടിയന്തര ചര്‍ച്ചയിലായിരുന്നു ഖത്തറിന്റെ പരമാധികാരത്തിന് നേരെ നടന്ന ലംഘനത്തെ ഇന്ത്യ അസന്ദിഗ്ധമായി അപലപിച്ചത്. ഖത്തറിനെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി നേരത്തെ എക്‌സിലൂടെ അപലപിച്ചപ്പോഴും ഇസ്രഈലിന്റെ പേരെടുത്ത് പറയാന്‍ തയ്യാറായിരുന്നില്ല.

മോദി എക്‌സില്‍ പ്രതികരിക്കുന്നതിന്റെ തലേദിവസം വിദേശകാര്യ മന്ത്രാലയം ഖത്തര്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിലും ആക്രമണത്തെ അപലപിക്കുന്നതായുള്ള പരാമര്‍ശം ഉണ്ടായിരുന്നില്ല.

‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ്,’ എന്നായിരുന്നു ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അരിന്ദം ബാഗ്ചി പറഞ്ഞത്.

‘യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്, പരസ്പരമുള്ള സംസാരത്തിലൂടെയും നയതന്ത്രത്തിലൂടെയും അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.

ഏതൊരു സംഘര്‍ഷവും ഒഴിവാക്കണം, കൂടാതെ സംസ്ഥാനങ്ങളുടെ പരമാധികാരത്തെയും പ്രദേശിക അധികാരങ്ങളേയും ബഹുമാനിക്കണം,’ അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയില്‍ സമാധാനവും സുരക്ഷയും ഉണ്ടാകണമെങ്കില്‍ സംയമനവും നയതന്ത്രവും പാലിക്കണമെന്നും ഏത് രൂപത്തിലുള്ള ഭീകരതയ്‌ക്കെതിരെയും ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

സമാധാനം കൈവരിക്കുന്നതിനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത പങ്കാളിയെന്ന നിലയില്‍, ഖത്തറിനോടും അവിടുത്തെ ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രഈല്‍ ഏറ്റെടുത്തിട്ടും ഇന്ത്യയുടേതായി വന്ന രണ്ട് പ്രസ്താവനകളിലും രാജ്യം ഇസ്രഈലിന്റെ പേര് പരാമര്‍ശിക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.

അന്താരാഷ്ട്ര നിയമത്തിന്റെ ഞെട്ടിക്കുന്ന ലംഘനമാണ് നടന്നതെന്നായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞത്.

പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന് നേരെയുള്ള ആക്രമണം, മധ്യസ്ഥതയ്ക്കും സമഗ്രമായ ചര്‍ച്ചാ പ്രക്രിയകള്‍ക്കുമെതിരായ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രഈലിന് ആണെന്ന് ഖത്തര്‍ പറഞ്ഞു. ആക്രമണത്തെ ഭരണകൂട ഭീകരതയെന്നും ഖത്തര്‍ വിശേഷിപ്പിച്ചു.

ഖത്തറിനെതിരായ ഇസ്രഈല്‍ ആക്രമണം ‘ഇസ്രഈല്‍ ശീലമാക്കിയ കുറ്റകൃത്യങ്ങളുടെ ശൃംഖലയിലെ മറ്റൊരു കണ്ണി മാത്രമാണെന്നായിരുന്നു ചര്‍ച്ചയില്‍ സൗദി അറേബ്യ വിമര്‍ശിച്ചത്.

ഇസ്രഈലുമായുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഖത്തറില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയത്.

അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, ഇസ്രഈല്‍ ലക്ഷ്യമിട്ട ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

Content Highlight: Without Naming Isreal, India Slams Qatar hit At UNHRC

We use cookies to give you the best possible experience. Learn more