| Saturday, 22nd November 2025, 6:36 pm

ഹിന്ദുക്കള്‍ ഇല്ലെങ്കില്‍ ഈ ലോകമേ നിലനില്‍ക്കില്ല: മോഹന്‍ ഭഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: ഹിന്ദുക്കള്‍ ഇല്ലെങ്കില്‍ ഈ ലോകം തന്നെ നിലനില്‍ക്കില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ലോകത്തെ സുസ്ഥിരമാക്കി നിലനിര്‍ത്തുന്ന സുപ്രധാന ഘടകം ഹിന്ദുവാണെന്നും ഹിന്ദു സമൂഹം അമൂര്‍ത്തമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. മണിപ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞ മോഹന്‍ ഭഗവത്, ഇന്ത്യയുടേത് അമൂര്‍ത്തമായ നാഗരികതയാണെന്നും കൂട്ടിച്ചേര്‍ത്തു.

‘ലോകത്തെ പല രാജ്യങ്ങളും വ്യത്യസ്തമായ ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. യുനാന്‍ (ഗ്രീസ്), മിസ്ര്‍ (ഈജിപ്ത്), റോമ തുടങ്ങിയ നാഗരികതകളെല്ലാം ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതായി. വിവിധ രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ നമ്മള്‍ കണ്ടു. എന്നാല്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. അതുപോലെ തന്നെ തുടരുകയും ചെയ്യും,’ മോഹന്‍ ഭഗവത് പറഞ്ഞു.

മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് മോഹന്‍ ഭഗവത് മണിപ്പൂരില്‍ എത്തിയത്. 2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ സംഘര്‍ഷം രണ്ട് വര്‍ഷവും ആറ് മാസവും പിന്നിട്ട സാഹചര്യത്തിലാണ് മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം. സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ഭഗവതിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ ഒരു സര്‍ക്കാര്‍ വേണമെന്നും ഭഗവത് പറഞ്ഞിരുന്നു. മണിപ്പൂരില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കണമെന്നും തന്റെ അറിവില്‍ സര്‍ക്കാറും പാര്‍ട്ടികളും അതിനായി ശ്രമിക്കുകയാണെന്നുമാണ് ഭഗവത് പറഞ്ഞത്.

മണിപ്പൂര്‍ ജനതയെ അവരുടെ വ്യത്യസ്ത അടിത്തറകളില്‍ നിന്ന് വേര്‍പ്പെടുത്താതിരിക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടന്നിരുന്നു. അവരുടെ സ്വത്വം, സമാധാനം, ഭൗതിക കാര്യങ്ങളൊന്നും തന്നെ നശിപ്പിക്കാതെ തങ്ങള്‍ എല്ലാവരെയും കൂടെകൊണ്ടുപോകുമെന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.

Content Highlight: Without Hindus, this world cannot exist: Mohan Bhagwat

We use cookies to give you the best possible experience. Learn more