ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന്‍ അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തുന്ന വിത്ത് ലവ് തിയേറ്ററുകളിലേക്ക്. നവാഗതനായ മദന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും. പുതുവത്സര ആശംസകള്‍ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്റ് പങ്കുവെച്ചത്.
‘ഈ സിനിമ നിങ്ങളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. അവസാനം സിനിമ കണ്ടതിനുശേഷം, ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് അര്‍ത്ഥവത്തായ എന്തോ ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് സന്തോഷവും സംതൃപ്തിയും തോന്നി. എല്ലാവര്‍ക്കും ഈ സിനിമ ഒരു ഒരു സ്‌പെഷ്യലായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് അബിഷിന്‍ ചിത്രത്തിന് ഡേറ്റ് അനൗണ്‍സമെന്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
എം. ആര്‍.പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്നാണ് വിത്ത് ലവ് നിര്‍മിക്കുന്നത്.
ടൂറിസ്റ്റ് ഫാമിലി എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അബിഷന്റെ നായക അരങ്ങേറ്റ ചിത്രം കൂടിയാണ് വിത്ത് ലവ്. റോം കോം ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം അനശ്വര രാജന്‍ ചിത്രത്തില്‍ നായികയായെത്തുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഷോണ്‍ റോള്‍ഡന്‍ സംഗീത സംവിധായം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം രാജ്കമലാണ്.
അതേസമയം അനശ്വര രാജന്‍ നായികയായെത്തിയ ആദ്യം തെലുങ്ക് ചിത്രം ചാമ്പ്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. റോഷന്‍ നായകനായെത്തിയ ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറിലാണ് ഒരുങ്ങിയത്.
Content Highlight: With Love, starring Abishan Jeevinth and Anaswara Rajan, will release on February 6th