| Monday, 9th February 2026, 12:20 pm

മനസ് നിറയ്ക്കുന്ന റോം കോം; മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി അനശ്വരയുടെ വിത്ത് ലവ്

ഐറിന്‍ മരിയ ആന്റണി

അബിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തി ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. നവാഗതനായ മധന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങിയത്. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്റെ നായക അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വിത്ത് ലവ്.

എം. ആര്‍.പി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്ത് നിര്‍മിച്ച ചിത്രത്തില്‍ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പ്രമുഖ ട്രാക്കേഴ്‌സായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിനത്തില്‍ 1.6 കോടി രൂപയാണ് ചിത്രം നേടിയത്. ശനിയാഴ്ച ഇത് 2.5 കോടിയായി വര്‍ധിച്ചു. ഇന്നലെ (ഫെബ്രുവരി8) 3.04 കോടി കളക്ഷനാണ് ചിത്രം നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 7.14 കോടിയായി.

അനശ്വരയും അബിഷനും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ സ്‌ക്രീനില്‍ ഗംഭീരമായിരുന്നുവെന്നും തമിഴില്‍ ഇത്തരം റോം കോം സിനിമകള്‍ ഇനിയും വരണമെന്നും അഭിപ്രായങ്ങള്‍ പ്രേക്ഷകരുടെയടുത്ത് നിന്ന് വരുന്നുണ്ട്. ചിത്രത്തിലെ അബിഷന്റെ പ്രകടനത്തെ പറ്റിയും മികച്ച പ്രതികരണങ്ങളാണ് വരുന്നത്.

ബന്ധങ്ങളെക്കുറിച്ചും പ്രണയത്തെ കുറിച്ചും പറയുന്ന മനോഹരവും ഹൃദയസ്പര്‍ശിയായതുമായ സിനിമയാണ് വിത്ത് ലവെന്നും സ്‌കൂള്‍ കാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് സിനിമയെന്നും അഭിപ്രായങ്ങലുണ്ട്.

സിനിമയുടേതായി വന്ന ടൈറ്റില്‍ ടീസറും ട്രെയ്ലറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം അനശ്വര രാജന്‍ ചിത്രത്തില്‍ നായികയായെത്തുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്.

അനശ്വരയുടേതായി ഒടുവില്‍ വന്ന തെലുങ്ക് ചിത്രം ചാമ്പ്യന്‍ തിയേറ്ററുകളില്‍ പരാജയമായിരുന്നു. മലയാളത്തില്‍ തിളങ്ങിയ താരത്തിന്റെ അന്യഭാഷ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

രാധിക റാവും വിനയ് സപ്രവും ചേര്‍ന്ന് സംവിധാനം ചെയ്ത യാരിയാന്‍ 2 ആണ് ഹിന്ദിയിലെ പരാജയ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ തഗ്‌സും 2022ല്‍ പുറത്തിറങ്ങിയ രാങ്കി 2 എന്നീ തമിഴ് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

Content Highlight: With Love movie gets best box office collection

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more