| Wednesday, 2nd July 2025, 11:32 am

സ്‌കൂളിലെ സൂംബ ഡാന്‍സ് അല്‍പ വസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് പറഞ്ഞ വിസ്ഡം മുജാഹിദ് നേതാവ് ടി.കെ. അഷ്‌റഫിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കുമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്‌പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

സ്കൂളിൽ സൂംബ ഡാന്‍സ് നടപ്പാക്കണമെന്ന് പറഞ്ഞ സർക്കാർ നിർദേശത്തിൽ നിന്നും ടി.കെ അഷറഫ് വിട്ടുനിന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യാനാണ് നിർദേശം. തിരുവനന്തപുരത്തുള്ള ഡയറക്ടർ ഓഫ് എഡ്യുക്കേഷനാണ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് ടി.കെ. അഷ്‌റഫ് പരസ്യമായി പ്രസ്താവിച്ചിരുന്നു. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികള്‍ക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് സർക്കാർ നടപടിയുണ്ടായിരിക്കുന്നത്.

കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചില മത സംഘടനകളും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ഭാരതീയ വിചാര കേന്ദ്രവും രംഗത്തെത്തിയിരുന്നു. ലഹരിയുടെ പേരില്‍ വിദേശ ചരക്കായ സൂംബയെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാദം.

കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള പരിഷ്‌ക്കാരമാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ടതെന്നും ഇന്ത്യയില്‍ എവിടെയും കണ്ടിട്ടില്ലാത്ത സൂംബയെ എവിടെ നിന്ന് പൊക്കിക്കൊണ്ട് വന്നുവെന്ന് തനിക്കറിയില്ലെന്നുമായിരുന്നു വി. മുരളീധരന്‍ പറഞ്ഞത്. ഏത് വസ്ത്രവും ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നതെന്നും ബി.ജെ.പി നേതാവ് ചോദിക്കുകയുണ്ടായി.

Content Highlight: Wisdom Mujahid leader TK Ashraf suspended for calling school Zumba dance a ‘slimming’ dance

We use cookies to give you the best possible experience. Learn more