| Sunday, 7th December 2025, 8:22 am

സ്ത്രീകളുടെ പള്ളി പ്രവേശം: മകളുടേത് ഇസ്‌ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്, മുനവ്വറലിയുടേത് തെറ്റും: മുജാഹിദ് വിസ്ഡം ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ മുനവറലി തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന് പിന്തുണയുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്. ഫാത്തിമ നര്‍ഗീസിന്റേത് ഇസ് ലാമിക പ്രമാണങ്ങളോട് യോജിച്ച് നില്‍ക്കുന്നതും സത്യസന്ധവുമായ നിലപാടാണെന്ന് ടി.കെ. അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഫാത്തിമ നര്‍ഗീസിന്റെ നിരീക്ഷണങ്ങളെ ടി.കെ. അഷ്‌റഫ് പ്രശംസിച്ചു.

‘സൂര്യനെക്കാള്‍ ജ്വലിച്ചു നില്‍ക്കുന്നതാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചം. ഈ വെളിച്ചം സമുദായത്തിലേക്ക് വേണ്ടവിധം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.

നമ്മുടെ കണ്ണുകള്‍ ചിമ്മിയതുകൊണ്ടോ, മുറം കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ സൂര്യപ്രകാശം മാഞ്ഞുപോകില്ല എന്നതുപോലെ, ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചം ഒരിക്കലും സമൂഹത്തില്‍ നിന്ന് മായുകയില്ല എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. സത്യം അത്രമേല്‍ സുതാര്യമാണ്,’ അദ്ദേഹം ഫേസ്ബുക്കിലെഴുതി.

എന്നാല്‍ മകളുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ മുനവ്വറലി തങ്ങളുടെ നിലപാടിനെ ടി.കെ. അഷ്‌റഫ് വിമര്‍ശിക്കുകയും ചെയ്തു.

ഒരു പിതാവ് തന്റെ മക്കള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ നല്‍കേണ്ട പ്രോത്സാഹനത്തിന്റെയോ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിന്റെയോ ശരിയായ മാതൃകയല്ല ഈ സംഭവമെന്നും മറിച്ച്, സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പോലും ബാഹ്യസമ്മര്‍ദങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ദൗര്‍ഭാഗ്യകരമായ ഉദാഹരണമാണെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു.

മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലാണ് സ്ത്രീകളുടെ പള്ളി പ്രവേശനത്തെ കുറിച്ച് ഫാത്തിമ നര്‍ഗീസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ചില ആളുകള്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം,’ ഫാത്തിമ നര്‍ഗീസ് പറഞ്ഞു.

മക്കയില്‍ സ്ത്രീകള്‍ പ്രവേശിക്കുകയും കഅ്ബയില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് ഇപ്പോഴും സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്ന ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്.

എന്നാല്‍ മകളുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചത്. 16 വയസുള്ള ഒരു കുട്ടിയുടെ പഠനത്തിന്റെ അഭാവം മൂലം നടത്തിയ പ്രസ്താവനയായി കാണണമെന്നായിരുന്നു മുനവറലി തങ്ങള്‍ പറഞ്ഞത്.

‘കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്‌ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.

ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുനവ്വറലി തങ്ങളുടെ ഈ നിലപാടിനെതിരെയാണ് ടി.കെ. അഷ്‌റഫ് രംഗത്തെത്തിയിരിക്കുന്നത്.

ടി.കെ. അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് പങ്കുവെച്ച അഭിപ്രായം ഇസ്‌ലാമിക പ്രമാണങ്ങളോട് ഏറ്റവും അധികം യോജിച്ചു നില്‍ക്കുന്നതും, സത്യസന്ധവുമായ നിലപാടാണ്.
ഇസ് ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് അവര്‍ നടത്തിയ നിരീക്ഷണം അങ്ങേയറ്റം പ്രശംസനീയമാണ്.

സൂര്യനെക്കാള്‍ ജ്വലിച്ചു നില്‍ക്കുന്നതാണ് ഇസ് ലാമിക പ്രമാണങ്ങളുടെ വെളിച്ചം. ഈ വെളിച്ചം സമുദായത്തിലേക്ക് വേണ്ടവിധം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.

നമ്മുടെ കണ്ണുകള്‍ ചിമ്മിയതുകൊണ്ടോ, മുറം കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ സൂര്യപ്രകാശം മാഞ്ഞുപോകില്ല എന്നതുപോലെ, ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചം ഒരിക്കലും സമൂഹത്തില്‍ നിന്ന് മായുകയില്ല എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. സത്യം അത്രമേല്‍ സുതാര്യമാണ്.

എന്നാല്‍, ഫാത്തിമ നര്‍ഗീസിന്റെ നിലപാടിനെ തിരുത്തിക്കൊണ്ട് പിതാവ് മുനവ്വറലി തങ്ങള്‍ പിന്നീട് നടത്തിയ പ്രസ്താവന, ദൗര്‍ഭാഗ്യവശാല്‍, ഇസ്‌ലാമിക പ്രമാണങ്ങളുടെ അന്തഃസത്തയോട് യോജിച്ചു പോകുന്നില്ല എന്ന് പറയാതെ വയ്യ.

ഇസ്‌ലാമിക വിഷയങ്ങളില്‍, സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി സത്യത്തെ അസത്യമാക്കാനും, അസത്യത്തെ സത്യമാക്കാനും നമുക്കാര്‍ക്കും അവകാശമില്ല. പ്രമാണങ്ങളുടെ മുന്നില്‍ സ്ഥാനമാനങ്ങള്‍ക്കോ, വ്യക്തിബന്ധങ്ങള്‍ക്കോ യാതൊരു പ്രാധാന്യവുമില്ല.

ഒരു പിതാവ് തന്റെ മക്കള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ നല്‍കേണ്ട പ്രോത്സാഹനത്തിന്റെയോ അല്ലെങ്കില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിന്റെയോ ശരിയായ മാതൃകയല്ല ഈ സംഭവം. മറിച്ച്, സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പോലും ബാഹ്യസമ്മര്‍ദങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ദൗര്‍ഭാഗ്യകരമായ ഉദാഹരണമായി ഇത് നിലനില്‍ക്കുന്നു.

ഫാത്തിമ നര്‍ഗീസ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശപരമായ നിലപാട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമൂഹം അത് അംഗീകരിക്കേണ്ടതുമാണ്.

Content highlight: Wisdom Islamic Group against Sayyid Munavvar Ali Shihab Thangal’s statement

We use cookies to give you the best possible experience. Learn more