| Tuesday, 5th May 2026, 10:15 am

ബി.ജെ.പി 3 സീറ്റ് നേടിയത് അതീവ ഗൗരവം, ഇവിടെ എല്‍.ഡി.എഫ് നാമമാത്രമായ വോട്ടിന് പൊരുതിത്തോറ്റു, യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പരാജയത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും, സംഭവിച്ച പോരായ്മകള്‍ ഗൗരവമായി പരിശോധിച്ച് അവ തിരുത്തുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

കേരള നിയമസഭയില്‍ ബി.ജെ.പിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് എല്‍.ഡി.എഫ് ആണ്.

ഈ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓര്‍ക്കണം. മതസൗഹാര്‍ദത്തിന് പേര് കേട്ട കേരളത്തിന്റെ മണ്ണില്‍, വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ആഗോളവത്ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നു കിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും പാര്‍ട്ടി പ്രസ്താവനയില്‍ അക്കമിട്ട് നിരത്തി.

കാര്‍ഷിക-വ്യാവസായിക മേഖലകള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തിപ്പെട്ടെന്നും ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കേരളം രാജ്യത്തിനാകെ മാതൃകയായി മാറിയെന്നും ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം പ്രശംസ പിടിച്ചുപറ്റിയെന്നും നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിലേക്ക് കേരളം വളര്‍ന്നെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു.

മതരാഷ്ട്ര രൂപീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

ജനകീയ പോരാട്ടത്തോടൊപ്പം കോടതികളിലും ഇത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്ട്രീയത്തിന് കരുത്ത് പകരുകയും ചെയ്തു.

കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട് നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കണക്കാക്കിയിരുന്നത്.

എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെയും പോരായ്മകളെയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌കരിക്കുമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.

മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ് രീതിയെ മാറ്റിമറിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനും എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

എല്‍.ഡി.എഫിന് വോട്ട് ചെയ്ത മുഴുവന്‍ ജനങ്ങളെയും പാര്‍ട്ടി അഭിവാദ്യം ചെയ്യുകയാണെന്നും കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: Winning 3 seats by BJP is extremely serious; LDF fought and lost by a narrow margin, while UDF finished in third place: CPIM

Latest Stories

We use cookies to give you the best possible experience. Learn more