| Friday, 10th April 2026, 7:43 pm

റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നം കണ്ണീരില്‍ അവസാനിക്കും: മുന്‍ ചെല്‍സി താരം

ഫസീഹ പി.സി.

ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് 2026 ഫിഫ ലോകകപ്പ്. ജൂണ്‍ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ടൂര്‍ണമെന്റില്‍ ആരായിരിക്കും കപ്പടിക്കുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്.

എങ്കിലും തങ്ങളുടെ പ്രിയ ടീമുകള്‍ കപ്പുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. ആരാധകരുടെ ലിസ്റ്റിലെ പ്രധാനപ്പെട്ടവര്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, പിന്നെ പോര്‍ച്ചുഗല്‍ എന്നീ ടീമുകളാണ്.

വില്യം ഗാലസ്. Photo: nowarsenal.com

എന്നാലിപ്പോള്‍ ലോകകപ്പ് ഉയര്‍ത്താമെന്ന പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്നം നടക്കാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് മുന്‍ ചെല്‍സി താരം വില്യം ഗാലസ്. നിലവിലെ പോര്‍ച്ചുഗല്‍ ടീം മികച്ചതാണെങ്കിലും കിരീടം നേടുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകകപ്പ് റൊണാള്‍ഡോയ്ക്ക് വൈകാരികമായിരിക്കുമെന്നും എന്നാല്‍ കിരീടം നേടാമെന്ന മോഹം കണ്ണീരില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈം കസിനോയോട് സംസാരിക്കുകയായിരുന്നു ഗാലസ്.

‘ഇത്തവണത്തെ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉണ്ടാകും. രണ്ട് തരത്തിലാണെങ്കിലും ഇത് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വൈകാരികമായിരിക്കും. മത്സരങ്ങളില്‍ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടാന്‍ റൊണാള്‍ഡോക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, അദ്ദേഹം ബെഞ്ചില്‍ തന്നെ തുടരാതെ കളത്തില്‍ ഇറങ്ങും.

ഇപ്പോഴത്തെ പോര്‍ച്ചുഗല്‍ മികച്ചതും ശക്തവുമായൊരു ടീമാണ്. എന്നിരുന്നാലും റൊണാള്‍ഡോയ്ക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നത് വളരെ ഏറെ പ്രയാസകരമായ ഒരു കാര്യമായിരിക്കും. മിക്കവാറും കാര്യങ്ങള്‍ കണ്ണുനീരില്‍ തന്നെയാകും അവസാനിക്കാനാണ് സാധ്യതകള്‍,’ ഗാലസ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

2022 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച്-ലായിരുന്ന പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായാണ് പറങ്കിപ്പട റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പ്രവേശിച്ചിരുന്നത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 6-1ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍, ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു.

പോർച്ചുഗൽ ടീം.

ഈ വര്‍ഷം ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലാണ്. കൊളംബിയ, ഉസ്ബെക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: William Gallas says Cristiano Ronaldo’s dream of lifting FIFA World Cup will end in tears

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more