| Sunday, 11th May 2025, 11:21 am

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കും; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെ വെടിനിര്‍ത്തല്‍ കാരാറില്‍ തന്റെ രാജ്യം മധ്യസ്ഥത വഹിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.

ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിനെ കുറിച്ച് ഒരു പ്രശ്‌ന പരിഹാരത്തിലെത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ രണ്ട് രാജ്യങ്ങളോടും സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

നിരവധി പേരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം അവസാനിപ്പിക്കാനുള്ള ബുദ്ധിപരമായ തീരുമാനമാണിതെന്നും ട്രംപ് പറയുകയുണ്ടായി.

ഇരുരാജ്യങ്ങളിലെയും ധീരമായ പ്രവൃത്തികള്‍ നിങ്ങളുടെ പൈതൃകത്തെ വളരെയധികം മെച്ചപ്പെടുത്തുന്നുവെന്നും ഈ ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താന്‍ യു.എസ്.എയ്ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

Content Highlight: Will work to resolve the Kashmir issue between India and Pakistan; Trump after ceasefire announcement

We use cookies to give you the best possible experience. Learn more