ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. കലാശപ്പോരില്‍ ടൂര്‍ണമെന്റില്‍ അപരാജിതരായി കുതിക്കുന്ന ഇന്ത്യയും ഇന്ത്യയോട് മാത്രം തോറ്റ ന്യൂസിലാന്‍ഡുമാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് കിരീടപ്പോരിന് വേദിയാവുന്നത്.
ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും ഭാവി തീരുമാനിക്കപ്പെടുന്ന മത്സരമെന്ന നിലയില്‍ കൂടിയാണ് ഈ മത്സരം ശ്രദ്ധേയമാവുന്നത്. ഇന്ത്യക്ക് മറ്റൊരു കിരീടം കൂടെ നേടി കൊടുത്ത് ഇരുവരും ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ടി20 ലോകകപ്പില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയെ കീരിടമണിയിച്ച് രോഹിത് ശര്‍മ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ക്യാപ്റ്റന് പിന്നാലെ വിരാട് കോഹ് ലിയും രവീന്ദ്ര ജഡേജയും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം രോഹിത് തന്റെ ഏകദിന ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫൈനലിന് ശേഷം ബി.സി.സി.ഐയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാക്കറും രോഹിതുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിരാടിന്റെ ഭാവിയെ കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമല്ല.
ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോട് രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഡ്രസിങ് റൂമില്‍ അത്തരം സംസാരങ്ങളൊന്നും നടന്നിട്ടില്ലെന്നും രോഹിതും മറ്റ് എല്ലാ താരങ്ങളെയും പോലെ ഫൈനലിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഡ്രസിങ് റൂമിലോ എന്നോടോ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഞങ്ങളെയെല്ലാവരെയും പോലെ രോഹിതും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാല്‍, ഇപ്പോള്‍ അങ്ങനെയൊന്നുമില്ല,’ ഗില്‍ പറഞ്ഞു
Content Highlight: Will the Champions Trophy final be Rohit’s last ODI? Rumors are strong