| Monday, 19th February 2018, 8:58 am

'വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ല'; സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. സമരം തുടര്‍ന്നാല്‍ സ്വകാര്യ ബസ്സുകള്‍ പിടിച്ചെടുക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

“കടുത്ത നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കരുത്. സ്വകാര്യ ബസ്സുടമകളുമായി യുദ്ധ പ്രഖ്യാപനം നടത്താനാഗ്രഹിക്കുന്നില്ല.”

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സമരം തുടരണമോ എന്ന കാര്യത്തില്‍ ബസ്സുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. സമരം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല എന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം.

ഇതിനെത്തുടര്‍ന്ന് കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. മന്ത്രിയും ബസ്സുടമകളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more