[]ചങ്ങനാശ്ശേരി: എന്‍.എസ്.എസ്സിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച മുസ്‌ലീം ലീഗ് മുഖപത്രം ചന്ദ്രികയ്‌ക്കെതിരെ എന്‍.എസ്.എസ് നിയമനടപടിക്കൊരുങ്ങുന്നു.
ഇതിനായി ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.[]
ലേഖനം പിന്‍വലിച്ച് ചന്ദ്രിക മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നാണ് അറിയുന്നത്. ചന്ദ്രികയ്ക്ക് നോട്ടീസ് അയക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച ഇറങ്ങിയ ചന്ദ്രിക എഡിറ്റോറിയല്‍ പേജിലാണ് എന്‍.എസ്.എസ്സിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയുള്ള ലേഖനം വന്നത്. “പുതിയ പടനായര്‍” എന്ന പേരില്‍ വന്ന ലേഖനത്തില്‍
ആര്‍ .എസ്.എസിന്റെ നയമനുസരിച്ചാണ് പലപ്പോഴും സുകുമാരന്‍നായര്‍ പെരുമാറുന്നതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവനകളാണ് സുകുമാരന്‍ നായരുടേതെന്നും വിമര്‍ശിക്കുന്നു.
“വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.” എന്ന് പറഞ്ഞാണ് ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ചന്ദ്രിക പരിഹസിക്കുന്നത്.