| Sunday, 12th October 2025, 2:37 pm

ഇപ്രാവശ്യം ഹിറ്റടിക്കുമോ സൂര്യ? കറുപ്പിൻ്റെ അപ്ഡേറ്റ് പങ്കുവെച്ച് സംവിധായകൻ ആർ.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായി എത്തുന്ന കറുപ്പ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരവണൻ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ തൃഷയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സൂര്യയുടെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രം ഏറെക്കുറെ പൂർത്തിയായി. എന്നാൽ കമ്പ്യൂട്ടർ വർക്കുകൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ദീപാവലിക്ക് റിലീസ് ചെയ്യാൻ സാധിക്കില്ല. ചിത്രത്തിലെ ആദ്യഗാനം ദീപാവലിക്ക് പുറത്തിറങ്ങുമെന്നും ആർ.ജെ. ബാലാജി പറഞ്ഞു. സൂര്യ നൃത്തച്ചുവടുകൾ കൊണ്ട് പാട്ട് ഇളക്കിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കറുപ്പ്. ചിത്രം ഹിറ്റാകുമെന്നാണ് സൂര്യ ആരാധകരുടെ പ്രതീക്ഷ.

മുക്കുത്തി അമ്മൻ, എൽ.കെ.ജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂര്യക്കൊപ്പമുള്ള ആദ്യത്തെ ചിത്രവുമാണ് കറുപ്പ്.

യോഗി ബാബു, ശിവദ, ഇന്ദ്രൻസ്, സ്വാസിക, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

തമിഴിലെ മികച്ച നടൻമാരിലൊരാളായ സൂര്യയ്ക്ക് കഴിഞ്ഞ കുറച്ച് കാലമായി ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ടിരുന്നു. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കങ്കുവ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറിയിരുന്നു. കാർത്തിക് സുബ്ബരാജിനൊപ്പം ഒന്നിച്ച റെട്രോ ശരാശരി അഭിപ്രായമാണ് നേടിയത്. എന്നിരുന്നാലും മികച്ച ലൈനപ്പാണ് താരത്തിനുള്ളത്.

ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ആവേശത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിലും സൂര്യയാണ് നായകൻ.

Content Highlight: Will Suriya be a hit this time? Director RJ Balaji shares update on Karuppu movie

We use cookies to give you the best possible experience. Learn more