| Wednesday, 20th August 2025, 9:30 pm

തെലങ്കാനക്ക് യൂറിയ വാഗ്ദാനം ചെയ്യുന്ന ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ മാത്രം പിന്തുണക്കും: കെ.ടി. രാമറാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കോൺഗ്രസ് നിയമിച്ച ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണക്കില്ലെന്ന് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു.

പകരം സെപ്റ്റംബർ ഒമ്പതിന് മുമ്പ് തെലങ്കാനക്ക് രണ്ട് ലക്ഷം ടൺ യൂറിയ ഉറപ്പ് നൽകുന്നത് ആരാണോ അവരെ പിന്തുണക്കുമെന്നും കെ.ടി. രാമറാവു വ്യക്തമാക്കി. നന്ദിനഗറിലെ തന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഡി.ഐയോ ഇന്ത്യാ ബ്ലോക്കോ തങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതിനായി ബി. ആർ.എസിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ്യയിൽ ബി.ആർ.എസിനുള്ള നാല് വോട്ടുകൾ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് അനുയോജ്യമായ സ്ഥാനാർത്ഥിക്ക് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നോക്ക വിഭാഗത്തോട് സ്‌നേഹം ആണെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പിന്നോക്ക നേതാവിനെ നാമനിർദേശം ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും കെ.ടി. രാമറാവു കുറ്റപ്പെടുത്തി.

‘കോൺഗ്രസ് ഇക്കാര്യം ഗൗരവതരമായി എടുത്തിരുന്നെങ്കിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പിന്നോക്ക വിഭാഗത്തിലുള്ള നേതാവിനെ മത്സരിപ്പിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, തെലങ്കാനയിലെ യൂറിയ പ്രതിസന്ധിയിൽ രേവന്ത് റെഡ്ഡി സർക്കാരിനെയും കെ.ടി. രാമറാവു വിമർശിച്ചു. പാർട്ടിയുടെ ദുർഭരണം കാരണമുണ്ടായ കൃത്രിമ ക്ഷാമം എന്നാണ് കെ.ടി. രാമറാവു വിശേഷിപ്പിച്ചത്.

സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് കർഷകർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുമ്പോൾ, കോൺഗ്രസ് നേതാക്കൾ വളം കരിഞ്ചന്തയിൽ വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വളം ആവശ്യപ്പെട്ടതിന് പൊലീസ് കേസെടുക്കുകയാണെന്നും ചന്ദ്രശേഖര റാവുവിന്റെ ഭരണത്തിൽ ഇത് സംഭവിച്ചിട്ടില്ലെന്നും കെ.ടി. രാമറാവു ചൂണ്ടിക്കാട്ടി.

കോൺഗ്രസും ബി.ജെ.പിയും ചേർന്ന് തെലങ്കാനയെ പരാജയപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം, നൽകിയ വാ​ഗ്ദാനങ്ങൾ നടപ്പിലാക്കാതെ രാഹുൽ ​ഗാന്ധി മൗനം പാലിക്കുകയാണെന്നും വിമർശിച്ചു.

നിലവിലെ യൂറിയ പ്രതിസന്ധി തുടർന്നാൽ ബി.ആർ.എസ് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് രാമറാവു മുന്നറിയിപ്പ് നൽകി.

അതേസമയം, തെലങ്കാനയിലെ ക്ഷാമം പരിഹരിക്കുന്നതിനായി 50,000 ടൺ യൂറിയ വിതരണം ചെയ്യാൻ കേന്ദ്ര രാസവള മന്ത്രാലയം ഇന്ന് രാവിലെ അനുമതി നൽകി.

കർണാടകയിൽ നിന്ന് 10,800 മെട്രിക് ടൺ കയറ്റുമതി ഇതിനകം ആരംഭിച്ചതായും അധിക കയറ്റുമതികളിലൂടെ കൂടുതൽ വിതരണം ഉറപ്പാക്കാൻ കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Content Highlight: Will support only the Vice Presidential candidate who promises urea to Telangana says KT Rama Rao

We use cookies to give you the best possible experience. Learn more