ന്യൂദല്‍ഹി: പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച തന്ത്രപ്രധാനമായ പ്രതിരോധ ഉടമ്പടിയില്‍ പ്രതികരണവുമായി ഇന്ത്യ.
ഈ കരാര്‍ സംബന്ധിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു.
‘പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധകരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ നീണ്ടകാലത്തേക്കുള്ള പ്രതിരോധ കരാറിന്റെ പണിപ്പുരയിലാണെന്ന് ഇന്ത്യയ്ക്ക് അറിയാമായിരുന്നു’, ജയ്‌സ്വാള്‍ പറഞ്ഞു.
ഇന്ത്യയുടെ രാജ്യതാത്പര്യത്തിനും പ്രദേശികവും ആഗോളവുമായ സ്ഥിരതയ്ക്കും ഈ കരാര്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമോയെന്നതിനെ സംബന്ധിച്ച് പഠനം നടത്തും.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജയ്‌സ്വാളിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍ – സൗദി പ്രതിരോധ കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങള്‍ക്ക് എതിരെയുള്ള ആക്രമണമായി കണക്കാക്കും.
വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ‘സ്ട്രാറ്റജിക് മൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റ്’ എന്ന സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
പാകിസ്ഥാനും സൗദിയും തമ്മില്‍ പുതിയ പ്രതിരോധ സഹകരണങ്ങള്‍ വികസിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും എതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഈ കരാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
അതേസമയം, ഇന്ത്യ സമീപകാലത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പടെയുള്ള സൈനിക മിഷനുകളിലൂടെ പാകിസ്ഥാനെ ആക്രമിച്ചിരുന്നു. നിലവില്‍ താത്കാലികമായ വെടിനിര്‍ത്തലിലാണ് ഇരുരാജ്യങ്ങളും.
ഇന്ത്യയുമായും അടുത്തബന്ധമുള്ള സൗദി, പാകിസ്ഥാനുമായി സൈനിക കരാര്‍ ഒപ്പുവെച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്. കൂടാതെ, ഇസ്രഈല്‍ സൗദിയുടെ അയല്‍രാജ്യമായ ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ കരാറെന്നതും ശ്രദ്ധേയമാണ്.
Content Highlight: Will study about the Pakistan-Saudi defense agreement India says