| Saturday, 27th September 2025, 5:04 pm

മതങ്ങള്‍ക്കൊപ്പം നില്‍ക്കും, മതഭ്രാന്തിന് ഒപ്പമല്ല; സജി ചെറിയാനെ തള്ളി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമൃതാനന്ദമയിയെ ആശ്ലേഷിച്ച വിവാദത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ തള്ളി സി.പി.ഐ. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആദരിക്കുകയും ചടങ്ങിനിടെ ആശ്ലേഷിച്ച് ഉമ്മ നല്‍കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

എല്‍.ഡി.എഫ് എന്നും യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മതങ്ങള്‍ക്കൊപ്പം നില്‍ക്കും. എന്നാല്‍ മതഭ്രാന്തിന് ഒപ്പം നില്‍ക്കാനാകില്ല. മതഭ്രാന്തിന് മുന്നില്‍ മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. താന്‍ സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയിയുടെ 72ാം ജന്മദിനത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന പരിപാടിയിലാണ് സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ച് ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയത്.

ഐക്യരാഷ്ട്രസഭയില്‍ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാര്‍ഷികാഘോഷവും ജന്മദിനാഘോഷവുമാണ് അമൃതപുരിയില്‍ നടന്നത്.

ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ അമൃതാനന്ദമയിയെ ആദരിച്ചത്. ഈ ചടങ്ങിലാണ് ‘അമ്മയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് മന്ത്രി അമൃതാനന്ദമയിയെ ആശ്ലേഷിക്കുകയായിരുന്നു.

‘നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അമ്മയുടെ പ്രസംഗത്തിന് സാധിച്ചു’, എന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, രൂക്ഷമായ വിമര്‍ശനമാണ് സജി ചെറിയാനും എല്‍.ഡി.എഫ് സര്‍ക്കാരിനും ഡി.വൈ.എഫ്.ഐയ്ക്കും നേരെ ഉയരുന്നത്.

അന്ധവിശ്വാസ നിയന്ത്രണ നിയമം കൊണ്ടുവരാത്തതിന്റെ കാരണം വ്യക്തമായെന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രധാനവിമര്‍ശനം. വോട്ടിന് വേണ്ടി സര്‍ക്കാര്‍ തരംതാഴ്‌ന്നെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അമൃതാനന്ദമയിയെ ആദരിച്ച സാംസ്‌കാരിക വകുപ്പിന്റെ ചടങ്ങിനെ വിമര്‍ശിച്ച് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജും സംവിധായകന്‍ പ്രിയനന്ദനനും രംഗത്തെത്തിയിരുന്നു. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട..സുധാമണി’, എന്നാണ് ജെയിന്‍ രാജ് കുറിച്ചത്.

കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ഈ പ്രവര്‍ത്തി രാഷ്ട്രീയ അവസരവാദമെന്നാണ് പ്രിയനന്ദനന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഈ നടപടി കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ക്ക് നേരെയുളള നിശബ്ദമായ വെല്ലുവിളിയാണെന്നും പ്രിയനന്ദനന്‍ കുറ്റപ്പെടുത്തി.

Content Highlight: Will stand with religions, not with religious fanaticism; CPI rejects Saji Cherian

We use cookies to give you the best possible experience. Learn more