തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു.
ഗുരുതരമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍, വിഷയം നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിക്ക് (Ethics and Privileges Committee) മുന്നില്‍ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമത്തിന്റെ കണ്ണില്‍ എം.എല്‍.എയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം എല്ലാവരും തുല്യരാണെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം നിശ്ചിത ഫോര്‍മാറ്റില്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമുച്ചയത്തിനകത്തോ ഹോസ്റ്റലിനുള്ളിലോ വെച്ച് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രമേ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂവെന്നും നിലവിലെ നടപടികള്‍ ചട്ടപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കുന്നതിനെക്കുറിച്ച് ചില എം.എല്‍.എമാര്‍ തന്നോട് ആലോചിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
അയോഗ്യതയുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങള്‍ പരിശോധിക്കാന്‍ നിയമവിദഗ്ധരുടെ സഹായം തേടും. കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ പുറത്താക്കുന്നത് പോലുള്ള കാര്യങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര തീരുമാനമാണെന്നും അതില്‍ സ്പീക്കര്‍ക്ക് പ്രത്യേക റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Will seek legal advice on disqualifying Rahul Mangkootatil: Speaker A.N. Shamsir