| Saturday, 20th June 2026, 11:04 pm

മുസ്‌ലിങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ച് നശിപ്പിക്കണമെന്ന് പറഞ്ഞ ഹിന്ദു രക്ഷാ ദള്‍ നേതാവ് അറസ്റ്റില്‍

റെന്വര്‍ പി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഹിന്ദു രക്ഷാ ദള്‍ നേതാവ് ലളിത് ശര്‍മ അറസ്റ്റില്‍. മുസ്‌ലീം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അവരുടെ ജനിക്കാന്‍ പോകുന്ന കുട്ടികളെ വലിച്ച് കീറണമെന്നായിരുന്നു ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ വിദ്വേഷ പരാമര്‍ശം.

ഡെറാഡൂണില്‍ സഹാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ പരാമര്‍ശമുണ്ടായത്. വിനോദ് കുമാറിന്റെ മരണം കൊലപാതകമാണെന്ന് ആരോപണമുണ്ട്.

പ്രദേശത്ത് നിലവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് കലാപ സാഹചര്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടങ്ങള്‍ തീവച്ച് നശിപ്പിക്കുന്നതടക്കമുള്ള അക്രമ സംഭവങ്ങളും തുടരുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ലളിത് ശര്‍മയും ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരും മുസ്‌ലിം കള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയില്‍ നിരവധി പേര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിറകെയാണ് ഇപ്പോള്‍ ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ അറസ്റ്റ്.

ലളിത് ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തണമെന്നും സാമൂഹ്യ പ്രവര്‍ത്തക ശബ്‌നം ഹാഷ്മി അഭിപ്രായപ്പെട്ടിരുന്നു. ശര്‍മയുടെ വിദ്വേഷ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചുകൊണ്ട് എക്‌സ് പോസ്റ്റിലായിരുന്നു ശബ്‌നം ഹഷ്മിയുടെ പ്രതികരണം.

നേരത്തെ, ഉത്തരാഖണ്ഡില്‍ മുസ്ലിം കടവടക്കാരനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത കേസിലും ലളിത് ശര്‍മ അറസ്റ്റിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസില്‍ ശര്‍മയെ അറസ്റ്റ് ചെയ്തത്. ദീപക് കുമാറിനെ കൊലപ്പെടുത്തുന്നുവര്‍ക്ക് 5.51 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഹിന്ദു രക്ഷാ ദള്‍ അന്ന് പറഞ്ഞത്.

കശ്മീരികളെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്ത കേസില്‍ 2025 ഏപ്രിലിലും ഇയാള്‍ അറസ്റ്റിലായിരുന്നു. കശ്മീരി മുസ്‌ലിങ്ങള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒഴിഞ്ഞ് പോകണം എന്ന് ആവശ്യപ്പെടുന്ന ഇയാളുടെ വീഡിയോ കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലായിരുന്നു കശ്മീരി മുസ്‌ലിങ്ങളെ കൊലപ്പെടുത്തണം എന്ന ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ പരാമര്‍ശം.

Content Highlight: ‘Will rip their children from wombs’: Hindu Raksha Dal leader

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more