കൊച്ചി: വി.ഡി. സതീശനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫിന് നൂറ് സീറ്റ് കിട്ടിയാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജി വെക്കുമെന്നും സതീശൻ അഹങ്കാരത്തിന്റെ കയ്യും കാലും വെച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. സതീശന്റെ മണ്ഡലമായ പറവൂരിലെ എസ്.എൻ.ഡി.പി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.
സതീശൻ വിചാരിച്ചാൽ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാൻ സാധിക്കില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയ്യാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും ശ്രീനാരായണ ഗുരുധർമം സതീശൻ തന്നെ പഠിപ്പിക്കേണ്ട എന്നും വെള്ളാപ്പള്ളി വിമർശിച്ചു.
നാളെ തോൽക്കാൻ വേണ്ടിയാണ് സതീശൻ എല്ലാം പറയുന്നതെന്നും സതീശന് ഭരണം തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി, സതീശൻ സ്വന്തം മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും കൂട്ടിച്ചേർത്തു.
മുസ്‌ലിം വിരോധിയായി തന്നെ ചിത്രീകരിക്കുന്നുവെന്നും സമുദായത്തിനെ അധിക്ഷേപിച്ച ആളാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവർ വോട്ടുകുത്തി യന്ത്രമാകുന്നു എന്നല്ലാതെ അധികാരം കിട്ടുന്നില്ലെന്നും ഇടത് സർക്കാർ തുടർഭരണം നേടുമെന്നാണ് ഡി.സി.സി പ്രസിഡന്റ് തന്നെ പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞ വെള്ളാപ്പള്ളി അതിലപ്പുറം താൻ എന്തുപറയാനാണെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാന്യതയും മര്യാദയും കൊടുക്കേണ്ടതുണ്ടോയെന്നും ഈഴവ വിരോധിയാണ് വി.ഡി സതീശൻ എന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു. ഈഴവനായ കെ. സുധാകരനെ സതീശൻ ഒതുക്കിയെന്നും മുഖ്യമന്ത്രിയാകാൻ നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
നേരത്തെ കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി നേതൃസംഗമം പരിപാടിയിയിൽ കേരളം വൈകാതെ മുസ് ലിം ഭൂരിപക്ഷ നാടായി മാറുമെന്നും കേരളത്തിൽ മുസ്ലിം ജനസംഖ്യ വർധിക്കുകയാണെന്നും ഈഴവർക്ക് ഇപ്പോൾ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം നടത്തിയിരുന്നു. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സർക്കാരിനെന്നും സൂംബ വിവാദവും സ്‌കൂൾ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
Content Highlight: Will resign as SNDP General Secretary if UDF gets 100 seats: Vellappally Natesan