ബംഗളൂരു: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയോടായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
എന്നാല്‍ കുമാരസ്വാമി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നും പിന്നീട് തെളിഞ്ഞു. ഇതോടെ സംഭവത്തില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തിയെ അപലപിച്ച് ശിവകുമാര്‍ രംഗത്തെത്തി.
ഒരു പൊതുപരിപാടിയില്‍ വെച്ച്, ശിവകുമാറിന് അമിത് ഷായുമായി ബന്ധമുണ്ടെന്നും വൈകാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്നും കുമാരസ്വാമി പറഞ്ഞെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യം സംബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തിനിടെ ചില റിപ്പോര്‍ട്ടര്‍മാര്‍ ശിവകുമാറിനോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ശിവകുമാറിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികരണം തേടിയത്.
അമിത് ഷായുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് ശിവകുമാര്‍ പറയുകയും ചെയ്തു. കുമാരസ്വാമി ഒരു രാജ്യദ്രോഹിയാണെന്നും പരാമര്‍ശിച്ചിരുന്നു. വൈകാതെ തന്നെ കുമാരസ്വമി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതോടെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി.
സത്യാവസ്ഥ വ്യക്തമായതോടെ അദ്ദേഹം നിരാശ വ്യക്തമാക്കുകയും മാധ്യമങ്ങളുടെ പ്രവര്‍ത്തിയെ അപലപിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലും ചോദ്യങ്ങള്‍ വളച്ചൊടിച്ച് ചോദിച്ച് അത്തരമൊരു പരാമര്‍ശം നടത്തുന്നതിലേക്ക് എത്തിച്ചതിലും ഉപമുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ഇതിന് നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും കേന്ദ്രമന്ത്രിയെ തെറ്റായി ഉദ്ധരിച്ച് തെറ്റിദ്ധാരണകള്‍ പരത്തിയ ചെയ്ത മാധ്യമങ്ങളെ ശാസിക്കുകയും ചെയ്തു. തന്റെ വിവാദ പരാമര്‍ശങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തെറ്റായ വിവരങ്ങള്‍ സൃഷ്ടിച്ച് തെറ്റായ ചോദ്യങ്ങള്‍ ചോദിക്കരുത്. ഇത് മാധ്യമങ്ങളുടെ ബഹുമാനത്തിനും അന്തസിനും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ അധികാര തര്‍ക്കത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുന്നത്.
Content Highlight: Will quit politics if it is proven that he has links with Amit Shah: DK Shivakumar against Kumaraswamy