| Saturday, 25th July 2026, 3:20 pm

ഇനി ഒരു ഇടവേളയ്ക്ക് ശേഷമേ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യൂ'; തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

അജ്മല്‍ കെ

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ പൊലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇനി ഇടവേള എടുക്കാനാണ് തീരുമാനമെന്ന് താരം തുറന്ന് പറഞ്ഞു. പുതിയ ചിത്രമായ ‘ഉന്മാദ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാന്‍ ചെയ്യുന്ന പൊലീസ് കഥാപാത്രങ്ങള്‍ക്ക് പ്രത്യേക സ്വീകാര്യത ലഭിക്കാറുണ്ട്. പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ നിശ്ചിത ഇടവേള എടുക്കുകയും അതിന്റെ ഇടയില്‍ വേറെ സിനിമകള്‍ ചെയ്യാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അടുപ്പിച്ചു പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യുന്നു എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇനി കുറച്ച് ഇടവേള എടുത്ത് മാത്രമേ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യുന്നുള്ളു എന്നും’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഉന്മാദത്തിലെ പൊലീസ് കഥാപാത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പ് എടുക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ എന്റെ മറ്റു പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്താമായ ഒരു പൊലീസുകാരനാണ് ഉന്മാദത്തിലെ ഷെല്ലി എന്ന കഥാപാത്രം. ഷൂട്ടില്‍ ഉടനീളം ഷാഹി ഉണ്ടായതിനാല്‍ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എളുപ്പമായിരുന്നു. അത് എനിക്ക് കിട്ടിയ വലിയ പ്ലസ് പോയിന്റ് ആണെന്നും ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍

ഷാഹി കബീറിന്റെ പല കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിത അനുഭവത്തില്‍ നിന്നുള്ളതാണ്. കഥാപാത്രങ്ങള്‍ എല്ലാം തന്നെ സാധാരണക്കാരായ മനുഷ്യരായിരിക്കും. പക്ഷെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന വഴികള്‍ കുറച്ചുകൂടെ ത്രില്ലടിപ്പിക്കുന്നതാണ്. അത് പിന്നീട് കുറച്ചുകൂടെ എന്റര്‍ടൈമെന്റ് ആയി സിനിമയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഷാഹി കബീറിന്റെ മറ്റു സിനിമയേക്കാള്‍ ഡാര്‍ക്നെസ്സ് കുറഞ്ഞ സിനിമ കൂടിയാണ് ഉന്മാദം. ഒരു സാധാരണക്കാരനായ പൊലീസുകാരന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. അതിനാല്‍ തന്നെ സിനിമയില്‍ ഹ്യൂമറും ത്രില്ലറും സസ്പെന്‍സും ഇമോഷനും എല്ലാം ഉള്‍പ്പെടുന്നുണ്ട് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പ്രമുഖ എഡിറ്ററായ കിരണ്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യത്തെ സിനിമ കൂടിയാണ് ഉന്മാദം. പാവ, ഇഷ്‌ക്, അമ്പിളി, മൂത്തോന്‍, ജോജി തുടങ്ങിയ നിരവധി സിനിമകളുടെ എഡിറ്ററായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഷ്‌ക് എന്ന സിനിമയ്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ഷാഹി കബീറിന്റെ കൂടെയുള്ള കുഞ്ചാക്കോ ബോബന്റെ മൂന്നാമത്തെ സിനിമ കൂടിയാണിത്. നായാട്ട് ,ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയവയാണ് ഷാഹി കബീറിന്റെ കൂടെയുള്ള ചാക്കോച്ചന്റെ സിനിമകള്‍. പനോരമ സ്റ്റുഡിയോസ് ആണ് ചിതം തീയേറ്ററുകളില്‍ എത്തിക്കുന്നത്. സിനിമ ജൂലൈ 31 ന് തീയേറ്ററുകളില്‍ എത്തും.

Will play police roles only after a break now Kunchacko Boban on continuously doing cop roles.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more