| Sunday, 28th September 2025, 8:25 am

രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുക്കുമോ? കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കുമോയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് കേസെടുക്കുമോയെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് കേരളത്തിലെ ബി.ജെ.പി മീഡിയ പാനലിസ്റ്റ് പ്രിന്റു മഹാദേവ് ന്യൂസ് 18 ചര്‍ച്ചയില്‍. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ പിണറായി പൊലീസ് അറസ്റ്റ് ചെയ്യുമോ?,’ എന്നാണ് സന്ദീപിന്റെ ചോദ്യം.

ന്യൂസ് 18 സ്‌പെഷ്ല്‍ ഡിബേറ്റിലായുരുന്നു പ്രിന്റുവിന്റെ പരാമര്‍ശം. തുടര്‍ന്ന് പ്രിന്റുവിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉയര്‍ന്നത്. എ.ബി.വി.പി മുന്‍ സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ടീച്ചേഴ്സ് സെല്‍ സ്റ്റേറ്റ് കോ. കണ്‍വീനറുമാണ് പ്രിന്റു.

‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ, അവിടെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നില്ല. ഇവിടെ ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമുണ്ട്. അതുകൊണ്ട് പല മോഹങ്ങളുമായി ഇറങ്ങിത്തിരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വരെ വെടിയുണ്ട വീഴും, ഒരു സംശയവും വേണ്ട. ജെന്‍ സി കലാപം കൊണ്ട് ഒരു ചുക്കും ഇന്ത്യയില്‍ സംഭവിക്കില്ല,’ എന്നായിരുന്നു പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയില്‍ സമരിച്ചത്.

ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസ് നേതാവ് റോണി കെ. ബേബി പ്രിന്റുവിനെതിരെ തത്സമയം വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ പ്രിന്റു തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. സര്‍ക്കാരിനെതിരെ നിങ്ങള്‍ രംഗത്ത് വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ആവര്‍ത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ചാനല്‍ ചര്‍ച്ചയിലിരുന്ന് പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാന്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ സമ്മതിക്കില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Will Pinarayi’s govt file a case against BJP leader for remark that Rahul Gandhi will be shot in the chest? Congress

We use cookies to give you the best possible experience. Learn more