| Saturday, 4th July 2026, 1:16 pm

അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും; ശ്വേതയുടെ ഉറപ്പില്‍ 15 കോടി സംഭാവന കിട്ടുമെന്ന ബി.ജെ.പി നേതാവിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് മാലാ പാര്‍വതി

നിഷാന. വി.വി

കൊച്ചി: അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാര്‍. ഉഷ ഹസീന, അന്‍സിബ ഹസന്‍, മാലാ പാര്‍വതി, മായ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

അദാനി ഗ്രൂപ്പില്‍ നിന്ന് ‘അമ്മ’ സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബി.ജെ.പി നേതാവ് പദ്മജ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍വതി പ്രദര്‍ശിപ്പിച്ചു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും തങ്ങള്‍ക്ക് 15 കോടി രൂപ വേണ്ടെന്ന് മാല പാര്‍വതി വ്യക്തമാക്കി.

തങ്ങളുടെ അറിവില്‍ ഇത് പറയുന്ന വ്യക്തി അമ്മയിലെ അംഗമല്ലെന്നും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പണം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും മാലാ പാര്‍വതി പറഞ്ഞു. കഴിഞ്ഞ 32 വര്‍ഷമായി നടക്കാത്ത പല കാര്യങ്ങളുമാണ് ഇപ്പോള്‍ അമ്മയില്‍ നടക്കുന്നതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നതെന്നും അതിന് ആധാരമുണ്ടെന്നും അവര്‍ പറഞ്ഞു.

നടി അന്‍സിബ ഹസനെ വര്‍ഗീയ വാദിയായും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് അമ്മയില്‍ നടന്നതെന്നും മാല പാര്‍വതി പറഞ്ഞു. ശ്വേത മോനോന് ഏത് പാര്‍ട്ടി വേണമെങ്കിലും ആവാമെന്നും എന്നാല്‍ അജണ്ടകള്‍ നടപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ തങ്ങള്‍ എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അന്‍സിബയെന്ന മുസ്‌ലിം നാമധാരിയായ വ്യക്തിയെ വര്‍ഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദു ക്ഷേത്രത്തില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ അവര്‍ വര്‍ഗീയത നടപ്പിലാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, എന്റെ അനുഭവമാണ്,’ മാലാ പാര്‍വതി പറഞ്ഞു.

തട്ടമിടാത്ത അമ്പലത്തില്‍ വരെ പോവുന്ന ഒരു മുസ്‌ലിം നടി മതം മാററാന്‍ നോക്കിയെന്നൊക്കെ പറയുന്ന സ്‌ക്രിപ്റ്റാണ് ഉണ്ടാവാന്‍ പോവുന്നതെന്നും അത് ഉത്തരേന്ത്യയിലൊക്കെ നന്നായി ഓടുമെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രത്യേക പാര്‍ട്ടിയില്‍നിന്ന് രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന ബാബുരാജിന്റെ ആരോപണം ജനറല്‍ ബോഡി ഗൗരവമായി എടുത്തിരുന്നില്ല. ലക്ഷ്മിപ്രിയ പിറ്റേ ദിവസം പറയുമ്പോഴാണ് ഇത്രയും ഗൗരവമുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ ആലോചിക്കുന്നത്. ആരോപണത്തിന് മറുപടി പറയാതെ അവര്‍ അവിടെനിന്ന് ഇറങ്ങിയോടി.

എന്തിനാണ് ഇറങ്ങിയോടിയതെന്ന് അറിയില്ല. കയ്യും കാലും പിടിച്ചാണ് രമേഷ് പിഷാരടിയെ അഡ്ഹോക് കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ചത്. ബോളിവുഡില്‍ നടന്നപോലെ, സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ മാറ്റി നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാന്‍ ശ്രമിച്ചു എന്ന ഗൂഢാലോചനാ കുറ്റമുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ട്. അശ്ലീലഭാഷ ഉപയോഗിച്ചിട്ടില്ല, രൂക്ഷമായി സംസാരിച്ചിട്ടുണ്ട്,’ അവര്‍ പറഞ്ഞു.

Content Highlight: “Will oppose attempts to implement agendas”; Mala Parvathy screens a video of a BJP leader claiming a ₹15 crore donation would be secured based on Swetha’s assurance.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more