തിരുവനന്തപുരം: എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുന്‍മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. ചാപ്പകുത്തി മാറ്റി നിര്‍ത്തില്ലെന്നും എല്‍.ഡി.എഫിന്റെ നയത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വര്‍ഗീയ ശക്തികള്‍ക്കെതിരായ മതനിരപേക്ഷ നിലപാട്, വികസനം എന്നീ രണ്ട് കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്. ഇത് പിന്താങ്ങുന്ന ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. എന്തിനാണ് എല്‍.ഡി.എഫിന് വോട്ട് കൊടുക്കുന്നത് എന്ന് ചര്‍ച്ച ചെയ്യേണ്ടത് വോട്ട് തരുന്നവരാണെന്നും തോമസ് ഐസക് പറഞ്ഞു.
എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യു.ഡി.എഫ് ആണെന്നും മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യു.ഡി.എഫുമായി ചര്‍ച്ച നടത്തിയതിന് ശേഷമുണ്ടായ നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ക്ക് വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമായി ചേര്‍ത്തത് യു.ഡി.എഫാണ്. അത്തരത്തിലൊരു നടപടിക്ക് എല്‍.ഡി.എഫ് മുതിരില്ല. എന്നാല്‍ എല്‍.ഡി.എഫിന്റെ നിലപാടായ വികസനത്തിനും മതനിരപേക്ഷതയ്ക്കും പിന്തുണ ആര് നല്‍കിയാലും അത് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. എന്നാല്‍, ഇന്ന് (തിങ്കളാഴ്ച) കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.
നേരത്തെ, എസ്.ഡി.പി.ഐ ഇത്തവണ ഒരു മുന്നണിക്കായിരിക്കും പിന്തുണ നല്‍കുകയെന്നും വൈകാതെ അക്കാര്യം പ്രഖ്യാപിക്കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറിയിച്ചിരുന്നു.
ഏത് മുന്നണിക്ക് പിന്തുണയെന്ന് ഇപ്പോള്‍ പറയാനാകില്ല. സംസ്ഥാന തലത്തില്‍ കൂടിയാലോചനകള്‍ തുടരുകയാണ്. ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് അവരുടെ നിലപാടാണെന്നും ഫൈസി വിശദീകരിച്ചു.
Content Highlight: Will accept votes for development and secularism; will not say no to SDPI’s vote: Thomas Isaac