നിലമ്പൂര്‍: ഇനി വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്കില്ലെന്ന് പി.വി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി. വി അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ നില്‍ക്കുന്ന തന്നെ യു.ഡി.എഫ് സ്വീകരിക്കുന്നില്ലെന്നും അവര്‍ മറ്റ് ശക്തികളുമായുള്ള ചില ലക്ഷ്യങ്ങളിലാണെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെടുന്നില്ലെന്നും ശത്രുവിന്റെ മുന്നില്‍ യു.ഡി.എഫ് മിത്രമാണെന്ന് കരുതിയെങ്കിലും അവരും തനിക്ക് ശത്രുവാണെന്നാണ് മനസിലാക്കുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗീയതയ്‌ക്കെതിരെ പോരാടിയിരുന്നതിനാലാണ് താന്‍ ആ പാര്‍ട്ടിയില്‍ നിന്നതെന്നും അധിക പ്രസംഗം തുടരുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സി.പി.ഐ.എം ജാതിമത രാഷ്ട്രീയത്തിലേക്ക് പോയെന്നും മലപ്പുറം ജില്ലയിലെ ഒരു വിഭാഗത്തെ പൊലീസ് വേട്ടയാടിയെന്നും നിരവധിയായ ചെറുപ്പക്കാരെ കേസില്‍ കുടുക്കിയെന്നും സുജിത് ദാസെന്ന ആര്‍.എസ്.എസുകാരനാണ് അതിന് പിന്നിലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
യു.ഡി.എഫിന്റെ നേതാക്കളാണ് തന്നെ യു.ഡി.എഫിലേക്ക് എടുക്കാന്‍ ശ്രമിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങള്‍മാരുമടക്കം ശ്രമിച്ചിട്ടും ശ്രമം നടന്നില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി താന്‍ യു.ഡി.എഫിലേക്ക് വരുന്നത് ആഗ്രഹിച്ചുവെന്നും ജോയ് ആയിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് തന്നോട് പറഞ്ഞതെന്നും ഷൗക്കത്തിനെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് താന്‍ എതിര്‍ത്തതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും അത് ഇപ്പോള്‍ പറയുന്നില്ലെന്നും ആരെ നിര്‍ത്തിയാലും താന്‍ പിന്തുണക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി എല്‍.ഡി.എഫ് ജയിച്ചാല്‍ തുടര്‍ഭരണമുണ്ടാകില്ലേയെന്നും താന്‍ യു.ഡി.എഫിനോട് ചേര്‍ന്ന് മത്സരിക്കുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പിണറായിസത്തെ താലോലിക്കുന്നതില്‍ ഏറ്റവും വലിയ വക്താവാണ് എം.സ്വരാജെന്നും മലയോര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സ്വരാജ് തയ്യാറായില്ലെന്നും ഫലസ്തീനിലെ മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയേ സ്വരാജ് പ്രസംഗിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ.സി വോണുഗോപാലില്‍ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം തഴഞ്ഞുവെന്നും പറഞ്ഞ അന്‍വര്‍ വി.ഡി സതീശന്റെ യു.ഡി.എഫിലേക്കില്ലെന്നും വ്യക്തമാക്കി. ഘടക കക്ഷിയോ സീറ്റോ വേണമെന്നും ഏത് സീറ്റ് തരുമെന്ന് ചോദിച്ചുവെന്നും ബേപ്പൂരിലോ മലമ്പുഴയിലോ മത്സരിക്കാന്‍ കഴിയില്ലെയെന്ന് യു.ഡി.എഫിലെ ഒരു വ്യക്തി ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ മത്സരിക്കണമെങ്കില്‍ കോടികള്‍ വേണമെന്നും അതിന് പൈസയില്ലെന്നും പറഞ്ഞ അന്‍വര്‍ പ്രതിപക്ഷവും ഭരണപക്ഷവും ചേര്‍ന്ന കോടികള്‍ ബൂത്തുകളില്‍ പൊടിക്കുന്നുണ്ടെന്നും ആരോപിച്ചു.
കൈയില്‍ ഒന്നുമില്ലെന്നും കടക്കാരനാണ് താനെന്നും എന്നെ തകര്‍ത്തുവെന്നും പൂജ്യത്തിലും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പോരാടിയാണ് താന്‍ ഇല്ലാതായതെന്നും അന്‍വര്‍ പററഞ്ഞു.
Content Highlight: Will not join V.D. Satheesan-led UDF and will not contest from Nilambur: P.V. Anwar