ബെര്‍ലിന്‍: ഉക്രൈന് ഇനിയും സഹായം നല്‍കാന്‍ കഴിയില്ലെന്ന് ജര്‍മന്‍ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഉക്രൈനെ പിന്തുണക്കുന്നതിന് വേണ്ടി ഇതിനകം തന്നെ ജര്‍മനി ആവശ്യത്തിലധികം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ബോറിസ് പറഞ്ഞു.
ഉക്രൈന് യു.എസ് നിര്‍മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്ന പദ്ധതിയിലേക്കുള്ള സഹായം ഇനിയില്ലെന്നാണ് ജര്‍മനി അറിയിച്ചിരിക്കുന്നത്.
2022 ജനുവരി മുതല്‍ 2025 ഒക്ടോബര്‍ വരെ ഉക്രൈന് സൈനിക സഹായം നല്‍കാന്‍ ബെര്‍ലിന്‍ ചെലവാക്കിയത് 20 ബില്യണ്‍ ഡോളറിലധികം പണമാണ്. ജര്‍മന്‍ സൈനികശക്തിയുടെ മൂന്നിലൊരു ഭാഗം ഉക്രൈന് കൈമാറിയിട്ടുണ്ടെന്നും ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു.
‘ഇനിയങ്ങോട്ട് ഞങ്ങള്‍ ജര്‍മന്‍ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ആയിരിക്കും. ഞങ്ങളുടെ സൈനികശക്തി എത്രയും വേഗം പുനസ്ഥാപിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഉക്രൈനുള്ള സഹായങ്ങളില്‍ ഇനി കുറവുണ്ടാകും,’ ബോറിസ് പിസ്റ്റോറിയസ് വ്യക്തമാക്കി.
കണക്കുകള്‍ പ്രകാരം, ഉക്രൈന് ഏറ്റവും കൂടുതല്‍ ആയുധം വിതരണം ചെയ്യുന്ന രണ്ടമത്തെ വലിയ രാജ്യമാണ് ജര്‍മനി. യു.എസിനാണ് ഒന്നാം സ്ഥാനം.
എന്നാല്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രൈന് നല്‍കുന്ന പിന്തുണ, യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെയാണ് ജര്‍മന്‍ മന്ത്രിയുടെ പ്രഖ്യാപനം. അടുത്തിടെ പാശ്ചാത്യരാജ്യങ്ങള്‍ തങ്ങള്‍ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും പ്രതികരിച്ചിരുന്നു.
അതേസമയം 2025ല്‍ യുക്രൈനിലേക്കുള്ള ജര്‍മനിയുടെ ആയുധ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2024ല്‍ 9.73 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങളാണ് ജര്‍മനി ഉക്രൈന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ഇത് 1.34 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഉക്രൈന് 13.72 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സൈനിക സഹായത്തിന് ജര്‍മനി അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണുകളും പീരങ്കികളും അടങ്ങുന്നതാണ് ഈ സൈനിക സഹായം. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബോറിസ് പിസ്റ്റോറിയസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചില്ലെന്നാണ് വിവരം.
Content Highlight: Will not help Ukraine any more, provided more military support than necessary: German Defense Minister