വാഷിങ്ടൺ: ഇറാനെതിരെ താൻ തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ അമേരിക്കൻ ജനത അനുഭവിക്കുന്ന സാമ്പത്തിക ആഘാതങ്ങൾ താൻ പരിഗണിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കക്കാരുടെ സാമ്പത്തിക നിലയെ എത്രത്തോളം പരിഗണിക്കുന്നുണ്ടെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അല്പം പോലും പരിഗണിക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
‘ഇറാനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഒരേയൊരു കാര്യമേ പ്രാധാന്യമുള്ളൂ അവർ ആണവായുധം ഉണ്ടാക്കാൻ പാടില്ല. ഞാൻ അമേരിക്കക്കാരുടെ സാമ്പത്തിക നിലയെക്കുറിച്ച് ആലോചിക്കുന്നില്ല, ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല,’ ട്രംപ് പറഞ്ഞു
വാട്സൺ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാനെതിരെയുള്ള യുദ്ധം മൂലം ഇന്ധന വിലയിലുണ്ടായ വർധവ് അമേരിക്കൻ ജനതയ്ക്ക് ഏകദേശം 38.1 ബില്യൺ ഡോളറിന്റെ അധിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്.
അധികച്ചെലവിന്റെ ഭൂരിഭാഗവും പെട്രോളിയം ഇനത്തിലാണ് ഏകദേശം 20.86 ബില്യൺ ഡോളർ വരും ഇത്. ഡീസൽ ഇനത്തിൽ 17.2 ബില്യൺ ഡോളറിന്റെ ബാധ്യതയും കണക്കാക്കുന്നു.
ശരാശരി ഓരോ അമേരിക്കൻ കുടുംബവും പെട്രോൾ, ഡീസൽ ഇനങ്ങളിലായി പ്രതിമാസം 290.56 ഡോളർ (ഏകദേശം 24,000 രൂപയ്ക്ക് മുകളിൽ) അധികമായി നൽകേണ്ടി വരുന്നു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആക്രമണം നടത്തിയതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി ഇസ്രഈലിനും ഗൾഫിലെ അമേരിക്കൻ സഖ്യകക്ഷികൾക്കുമെതിരെ ഇറാൻ പ്രത്യാക്രമണം നടത്തുകയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തതാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണമായത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകളിൽ ശാശ്വതമായ ഒരു കരാറിലെത്താൻ സാധിച്ചില്ല. ചർച്ചകൾ നീണ്ടുപോകുന്നതിനിടയിൽ പിന്നീട് ട്രംപ് വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.
ഇറാന്റെ 14 ഇന കരാർ അംഗീകരിക്കുകയല്ലാതെ ഈ അവസ്ഥയ്ക് മറ്റൊരു അന്ത്യം ഇല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഇറാന്റെ കരാർ തികച്ചും അസ്വീകാര്യമാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി.
Content Highlight: Will not consider economic impact on American people in war with Iran: Trump