| Wednesday, 24th September 2025, 8:27 pm

നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ല; ഐ.ടി നിയമത്തിനെതിരായ എക്സിന്റെ ഹരജി തള്ളി കർണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഐ.ടി നിയമത്തിനെതിരായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഹരജി തള്ളി കർണാടക ഹൈക്കോടതി. എക്സ് ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നും ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണെന്നും കോടതി പറഞ്ഞു.

ഐ.ടി നിയമത്തിലെ സെക്ഷൻ 79 (3 ) (ബി) പ്രകാരം എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കെതിരെ ഈ വർഷം മാർച്ചിലാണ് എക്സ് കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ സഹ്യോഗ് പോർട്ടലിനെതിരെയാണ് എക്സ് ഹരജി സമർപ്പിച്ചത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സോഷ്യൽ മീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇന്ത്യയിൽ സോഷ്യൽ മീഡിയ കമ്പനികളെ നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ അമേരിക്കയിൽ എക്സ് പാലിക്കുമ്പോൾ ഇന്ത്യയിൽ എന്തുകൊണ്ട് പാലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. അമേരിക്കയുടെ നിയമ രീതി ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും രാജ്യത്തെ നിയമങ്ങളിൽ ഇളവു ലഭിക്കില്ലെന്നും ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു. സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് നിയന്ത്രണവും വികസിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Conent Highlight: Will not be allowed to operate without restrictions; Karnataka High Court dismisses X’s plea against IT Act

We use cookies to give you the best possible experience. Learn more