| Monday, 6th October 2025, 1:15 pm

'സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ല'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ് അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയില്‍ വെച്ച് അതിക്രമം. കോടതിയില്‍ വാദം നടക്കുന്നതിനിടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഡയസിനരികിലേക്ക് എത്തി കാലില്‍ കിടക്കുകയായിരുന്ന ഷൂ ഊരി എറിഞ്ഞായിരുന്നു ബി.ആര്‍ ഗവായ്‌യെ അഭിഭാഷകന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപെടുകയും അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അതേസമയം, ഇറക്കിവിടുന്നതിനിടെ ‘സനാതനത്തെ അപമാനിക്കുന്നത് സമ്മതിക്കില്ല’ എന്ന് അഭിഭാഷകന്‍ വിളിച്ചു പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോടതി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ‘ഇത്തരം സംഭവങ്ങള്‍ കൊണ്ടൊന്നും ആരുടെയും ശ്രദ്ധ തെറ്റിക്കാനാകില്ല, നമ്മളാരും അശ്രദ്ധയിലല്ല, ഇതെന്നെ ഒട്ടും ബാധിച്ചിട്ടില്ല’, എന്നാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.

നേരത്തെ ഖജുരാഹോയിലെ ഏഴ് അടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വിഗ്രഹം നീക്കി സ്ഥാപിക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ജസ്റ്റിസിന്റെ വാക്കുകളാണ് വിവാദമായത്.

‘എന്തെങ്കിലും ചെയ്യാന്‍ ദൈവത്തോട് പോയി പറയൂ, നിങ്ങള്‍ മഹാവിഷ്ണുവിന്റെ അടിയുറച്ച വിശ്വാസിയാണെന്ന് പറയുന്നു. എന്നാല്‍ പോയ് പ്രാര്‍ത്ഥിക്കൂ. ഇതിപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. എ.എസ്.ഐ ആണ് അനുമതി നല്‍കേണ്ടത്’, എന്നായിരുന്നു അന്ന് കേസ് റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

സോഷ്യല്‍മീഡിയയിലടക്കം ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വലിയചര്‍ച്ചായിരിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു അന്നുയര്‍ന്ന വാദം.

ചീഫ് ജസ്റ്റിസിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ എല്ലാ മതങ്ങളേയും ആദരിക്കുന്നു. മറിച്ചുള്ള വാദങ്ങള്‍ സോഷ്യല്‍മീഡിയയുടെതാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു.

Content Highlight: ‘Will not allow insult to Sanatana Dharma’; Lawyer throws shoe against Supreme Court Chief Justice

We use cookies to give you the best possible experience. Learn more