| Thursday, 26th June 2025, 9:37 pm

കേരള സാഹിത്യ അക്കാമദി അവാര്‍ഡ് സ്വീകരിക്കില്ലെന്ന്‌ എം. സ്വരാജ്; ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്.

പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് നേരത്തെ തന്നെ സ്വീകരിച്ചതാണെന്നും ഇത് പരിഗണിച്ചാണ് ഈ അവാര്‍ഡും നിരസിക്കുന്നതെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള സാഹിത്യ അക്കാമദി അവാര്‍ഡിലെ എന്‍ഡോവ്മെന്റ് വിഭാഗത്തിലെ മികച്ച ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് ലഭിച്ചിരുന്നു.

ഇന്ന് മുഴുവനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് അവാര്‍ഡിന്റെ കാര്യം അറിഞ്ഞതെന്ന് സ്വരാജ് വ്യക്തമാക്കി.

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണെന്നും മുമ്പ് ചില ട്രസ്റ്റുകളും സമിതികളും മറ്റ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നതാണെന്നും സ്വരാജ് വ്യക്തമാക്കി. എന്നാല്‍ അന്നൊന്നും ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം വേണ്ടിവന്നിരുന്നില്ല.

ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് ഫേസ്ബുക്കില്‍ എഴുതി. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Will not accept Kerala Sahitya Akademi Award, Says M. Swaraj

We use cookies to give you the best possible experience. Learn more