| Tuesday, 27th October 2026, 3:59 pm

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും; പ്രേക്ഷകര്‍ കാണാത്ത സിനിമകളില്‍ അഭിനയിച്ചിട്ട് കാര്യമില്ല: സജിന്‍ ഗോപു

ആര്യ

ചുരുളി, ജാന്‍ എ മന്‍, രോമാഞ്ചം, ആവേശം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സജിന്‍ ഗോപു. ചെറിയ വേഷങ്ങളില്‍ നിന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് വളര്‍ന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു സുധി മാഡിസണ്‍ സംവിധാനം ചെയ്ത ധൂമകേതു. ടൈം ലൂപ്പ് പ്രമേയമാക്കിയ ചിത്രം വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്.

സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും അവ പ്രേക്ഷകരിലേക്ക് എത്തുകയും അവര്‍ കാണുകയും ചെയ്യുമ്പോഴാണ് ഒരു നടന്റെ വളര്‍ച്ച സാധ്യമാകുന്നതെന്നും പറയുകയാണ് സജിന്‍.

ആവേശത്തിന് മുമ്പും സിനിമകള്‍ ചെയ്തിരുന്നെങ്കിലും അവയൊന്നും തിയേറ്ററുകളില്‍ എത്തിയിരുന്നില്ലെന്ന് താരം പറയുന്നു. ചുരുളിക്ക് മുമ്പ് ചെയ്ത സിനിമകളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സജിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ആവേശത്തിന് മുമ്പും ഞാന്‍ മൂന്നോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ചുരുളിക്കൊക്കെ മുമ്പ്. ആ സിനിമകളൊന്നും തിയേറ്ററില്‍ കളിച്ചിട്ടില്ല. ആളുകള്‍ കാണാത്ത സിനിമകളാണ്. അതില്‍ നമ്മള്‍ എന്ത് പെര്‍ഫോം ചെയ്തിട്ടും കാര്യമില്ല. പ്രേക്ഷകര്‍ കാണുന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ഒരു ഗ്രോത്ത് ഉണ്ടാവുകയുള്ളൂ. നമ്മുടെ ഗ്രാഫ് അപ്പോഴേ ഉയരുകയുള്ളൂ,’ സജിന്‍ പറഞ്ഞു.

ചുരുളി, ജാന്‍ എ മന്‍, രോമാഞ്ചം, ആവേശം തുടങ്ങിയ സിനിമകളിലൂടെ തന്റെ കരിയര്‍ മുന്നോട്ടുപോയത് നല്ല രീതിയിലാണെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിനും സജിന്‍ മറുപടി നല്‍കി. പൈങ്കിളി റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെന്നും സിനിമ ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നുമാണ് താരം പറഞ്ഞത്.

‘അവര്‍ക്ക് വിമര്‍ശിക്കാമല്ലോ. നമ്മള്‍ അത്തരം വിമര്‍ശനങ്ങള്‍ കേട്ടിട്ട് അടുത്ത പരിപാടികള്‍ ചെയ്യുക, മുന്നോട്ടുതന്നെ പോവുക,’സജിന്‍ പറഞ്ഞു.

മലയാളത്തില്‍ വലിയ ശ്രദ്ധ നേടിയ ജിത്തു മാധവന്‍ ചിത്രം ആവേശത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും സജിന്‍ ഗോപു സംസാരിച്ചു. രണ്ടാം ഭാഗം താനും പ്രതീക്ഷിച്ചിരിക്കുകയാണെന്നും അത് ഉണ്ടാകുമെന്നാണ് അറിഞ്ഞതെന്നും താരം പറഞ്ഞു.

Content Highlight: Will Move Forward by Accepting Criticism; There’s No Point Acting in Films Audiences Never Get to See: Sajin Gopu

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more