യൂത്ത് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി ഓസ്‌ട്രേലിയന്‍ കുട്ടിക്കങ്കാരു. അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെതിരായ ഓസ്‌ട്രേലിയയുടെ മത്സരത്തില്‍ വെറും 51 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വില്‍ മലാജ്ചുക്കാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.
നേരിട്ട 51ാം പന്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയ താരം 55 പന്തില്‍ 102 റണ്‍സുമായാണ് കളം വിട്ടത്. അഞ്ച് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ വെടിക്കെട്ടിന് പിന്നാലെ ഇന്ത്യന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ റെക്കോഡ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിടാനും വില്‍ മലാജ്ചുക്കിനായി. നേരത്തെ 52 പന്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വൈഭവ് ചരിത്ര നേട്ടത്തില്‍ ഒന്നാമതെത്തിയിരുന്നത്.
ജപ്പാന്‍ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങവെയാണ് മലാജ്ചുക്ക് വെടിക്കെട്ട് പുറത്തെടുത്തത്. താരത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ 125 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജപ്പാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. 135 പന്തില്‍ 79 റണ്‍സ് നേടിയ ഹ്യൂഗോ കെല്ലിയാണ് ജാപ്പനീസ് നിരയില്‍ കരുത്തായത്.
ഓപ്പണര്‍ നിഹാര്‍ പാര്‍മര്‍ 33 റണ്‍സ് നേടി. 29 റണ്‍സടിച്ച മോന്റോഗോമെറി ഹാര ഹിന്‍സെയും 24 റണ്‍സ് സ്വന്തമാക്കിയ ചാള്‍സ് ഹിന്‍സെയുമാണ് ജാപ്പനീസ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഓസ്‌ട്രേലിയക്കായി നഥെന്‍ കൂറേ മൂന്ന് വിക്കറ്റും വില്‍ ബൈറോം രണ്ട് വിക്കറ്റും സ്വന്തമാക്കി. ആര്യന്‍ ശര്‍മ, കെയ്‌സി ബാര്‍ടണ്‍ എന്നിവര്‍ ഓരോ ജാപ്പനീസ് താരങ്ങളെയും തിരിച്ചയച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മലാജ്ചുക്കിന്റെയും നിതേഷ് സാമുവലിന്റെയും കരുത്തില്‍ ആദ്യ വിക്കറ്റില്‍ 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മലാജ്ചുക്കിന്റെ വിക്റ്റാണ് ടീമിന് ആദ്യം നഷ്ടമായതും.
സാമുവല്‍ 73 പന്തില്‍ പുറത്താകാതെ 63 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. സ്റ്റീവന്‍ ഹോഗന്‍ 20 പന്തില്‍ റണ്‍സും ടോം ഹോഗന്‍ 27 പന്തില്‍ പുറത്താകാതെ 19 റണ്‍സും നേടി.
ഒടുവില്‍ 29.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Will Malajczuk scored fastest century in Youth ODI