| Thursday, 12th February 2026, 8:06 am

നുണ പറഞ്ഞ ശേഷം സഭവിടും; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുമെന്ന് റിജിജു

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പരാമര്‍ശങ്ങള്‍ നുണകളാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ റെക്കോഡുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും റിജിജു പറഞ്ഞു.

ഇന്നലെ (ബുധന്‍) ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ ‘ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ യു.എസിന് വിറ്റു’വെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യു.എസുമായി കരാര്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുമ്പില്‍ കീഴടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവാദ എപ്സ്റ്റീന്‍ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും വ്യവസായി അനില്‍ അംബാനി തുടങ്ങിയവരുടെ പേരുകളുണ്ടെന്നനും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞ ‘നുണകള്‍’ നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.

ഹര്‍ദീപ് സിങ്ങിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായ അവകാശ ലംഘനമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളുടെ ആധികാരികത തെളിയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി മനപൂര്‍വമാണ് ഇത്തരത്തിലുള്ള നുണകള്‍ പറയുന്നത്. ഈ നുണകളെല്ലാം പറഞ്ഞ ശേഷം മറുപടി പോലും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം സഭ വിടുകയും ചെയ്യും. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ നുണകളെ പുറത്തുവെച്ച് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. എന്നാല്‍ സഭയില്‍ നോട്ടീസ് നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസാരിക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നതായും റിജിജു പ്രതികരിച്ചു. ഇന്ത്യയെ വിൽക്കാനോ വാങ്ങാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഇന്ത്യയെ വിറ്റുവെന്ന പരാമര്‍ശത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച രാഹുലിന്റെ പ്രസംഗം ചെയര്‍ ഇന്നലെ തടസപ്പെടുത്തിയിരുന്നു. അനില്‍ അംബാനിയുടെ പേരെടുത്ത് പറഞ്ഞതോടെ, സഭയില്‍ പുറത്തുള്ളൊരാളെ കുറിച്ച് പരാമര്‍ശിക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

Content Highlight: Will leave the House after telling lies; Rijiju says he will remove Rahul Gandhi’s remarks

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more