| Thursday, 1st February 2024, 8:49 am

108 മീറ്ററോ 😲 🤯 സൗത്ത് ആഫ്രിക്കയില്‍ ചരിത്രം കുറിച്ച് വിരാടിന്റെ ഓവര്‍സീസ് റിക്രൂട്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20 ഈ സീസണിലെ ഏറ്റവും വലിയ സിക്‌സര്‍ നേടി പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വില്‍ ജാക്‌സ്. എസ്.എ20യിലെ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് – പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് മത്സരത്തിലാണ് ക്യാപ്പിറ്റല്‍സ് താരം വില്‍ ജാക്‌സ് പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്.

മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു ഈ സിക്‌സര്‍ പിറന്നത്. കീമോ പോള്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ തന്നെ സ്റ്റേഡിയത്തിന് വെളിയിലേക്ക് പറത്തുകയായിരുന്നു. 108 മീറ്റര്‍ ദൂരെയാണ് സിക്‌സര്‍ പറന്നുവീണത്.

ജാക്‌സിന്റെ പടുകൂറ്റന്‍ സിക്‌സറിന്റെ വീഡിയോ കാണാം.

അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 26 പന്തില്‍ 41 റണ്‍സാണ് വില്‍ ജാക്‌സ് സ്വന്തമാക്കിയത്. പ്രിട്ടോറിയക്കായി കഴിഞ്ഞ മത്സരത്തില്‍ ഏററവുമധികം റണ്ണടിച്ചതും ജാക്‌സ് തന്നെയായിരുന്നു.

പക്ഷേ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിധി. എട്ട് റണ്‍സിനാണ് ടീം പരാജയപ്പെട്ടത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ക്യാപ്പിറ്റല്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതായിരുന്നു ഈ പരാജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ പതിവുശൈലിയില്‍ തന്നെ ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ഓപ്പണര്‍ മാത്യൂ ബ്രീറ്റ്സ്‌കി അര്‍ധ സെഞ്ച്വറിയാണ് ഡി.എസ്.ജിക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

46 പന്തില്‍ നിന്നും പത്ത് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 158.70 എന്ന സ്ട്രൈക്ക് റേറ്റില്‍ 73 റണ്‍സാണ് ബ്രീറ്റ്സ്‌കി നേടിയത്.

18 പന്തില്‍ നിന്നും രണ്ട് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ ക്ലാസനും പിന്തുണ നല്‍കി. 21 റണ്‍സടിച്ച ജെ.ജെ. സ്മട്സ് മാത്രമാണ് ശേഷമെത്തിയവരില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 174 റണ്‍സാണ് സൂപ്പര്‍ ജയന്റ്സ് നേടിയത്.

പ്രിട്ടോറിയക്കായി ഡാരിന്‍ ഡുപാവിലനും സോനുരന്‍ മുത്തുസ്വാമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ വെയ്ന്‍ പാര്‍ണെല്‍, വില്‍ ജാക്സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ ഫില്‍ സോള്‍ട്ടിനെ നഷ്ടമായി. വിയാന്‍ മുള്‍ഡറിന്റെ പന്തില്‍ ജൂനിയര്‍ ഡാല ക്യാച്ചെടുത്താണ് സോള്‍ട്ടിനെ പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ക്യാപ്പിറ്റല്‍സ് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്‍ ജാക്സും കൈല്‍ വെരായ്നെയുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ 16 പന്തില്‍ 17 റണ്‍സടിച്ച വെരായ്നെയെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് സൂപ്പര്‍ ജയന്റ്സിന് ബ്രേക് ത്രൂ നല്‍കി.

നാലാം നമ്പറില്‍ കളത്തിലെത്തിയ റിലി റൂസോയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് റൂസോ ബാറ്റ് വീശിയത്. 27 പന്തില്‍ പത്ത് റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇതോടെ ടീമിന്റെ വിധിയും കുറിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഒടുവില്‍ മത്സരം അവസാനിച്ചപ്പോള്‍ എട്ട് റണ്‍സിന്റെ പരാജയം ക്യാപ്പിറ്റല്‍സ് ഏറ്റുവാങ്ങി.

സൂപ്പര്‍ ജയന്റ്സിനായി ജൂനിയര്‍ ഡാല അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ നൂര്‍ അഹമ്മദ്. നവീന്‍ ഉള്‍ ഹഖ്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Will Jacks hits longest sixer in SA20

Latest Stories

We use cookies to give you the best possible experience. Learn more