| Friday, 23rd June 2023, 5:19 pm

6, 6, 6, 6, 6, 1; ഒറ്റ ഓവറില്‍ മാത്രം 31, എന്നിട്ടും തോറ്റു; കണ്ണീരായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റിലെ സറേ – മിഡില്‍സെക്‌സ് മത്സരത്തില്‍ വെടിക്കെട്ട് തീര്‍ത്ത് സറേയുടെ ഇംഗ്ലീഷ് സൂപ്പര്‍ താരം വില്‍ ജാക്‌സ്. കഴിഞ്ഞ ദിവസം ഓവലില്‍ നടന്ന മത്സരത്തിലാണ് ജാക്‌സ് തന്റെ ക്ലാസ് പുറത്തെടുത്തത്.

അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സകലെ കാലിടറി വീണെങ്കിലും ടീം സ്‌കോറിങ്ങില്‍ നിര്‍ണായകമാകാന്‍ വില്‍ ജാക്‌സിന് സാധിച്ചു.

45 പന്തില്‍ നിന്നും 213.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 96 റണ്‍സാണ് വല്‍ ജാക്‌സ് നേടിയത്. എട്ട് ബൗണ്ടറിയും ഏഴ് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അടിച്ചുകൂട്ടിയ ഏഴ് സിക്‌സില്‍ അഞ്ച് സിക്‌സറും ഒറ്റ ഓവറില്‍ തന്നെയാണ് ജാക്‌സ് സ്വന്തമാക്കിയത്. സറേ ഇന്നിങ്‌സിന്റെ 11ാം ഓവറിലായിരുന്നു ജാക്‌സിന്റെ ഹാര്‍ഡ് ഹിറ്റിങ് കപ്പാസിറ്റി മിഡില്‍സെക്‌സിന് വ്യക്തമായത്.

ലൂക് ഹോള്‍മാനായിരുന്നു നര്‍ഭാഗ്യവാനായ ആ ബൗളര്‍. 11ാം ഓവറില്‍ വഴങ്ങിയ 31 റണ്‍സടക്കം മൂന്ന് ഓവറില്‍ 49 റണ്‍സണ് ഹോള്‍മാന്‍ വിട്ടുകൊടുത്തത്.

വില്‍ ജാക്‌സിന് പുറമെ ഓപ്പണര്‍ ലോറി എവാന്‍സും തകര്‍ത്തടിച്ചു. 37 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 85 റണ്‍സാണ് എവാന്‍സ് നേടിയത്.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് സറേ നേടിയത്.

എന്നാല്‍ ഈ മികച്ച സ്‌കോര്‍ ചെയ്‌സ് ചെയ്ത് മിഡില്‍സെക്‌സ് എതിരാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. സറേ ബാറ്റര്‍മാരെ പോലെ മിഡില്‍സെക്‌സും ആദ്യ ഓവര്‍ മുതലേ ആക്രമിച്ചുകളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

മിഡില്‍സെക്‌സിനായി ക്യാപ്റ്റന്‍ സ്റ്റീഫന്‍ എസ്‌കിനാസി (39 പന്തില്‍ 73), ജോ ക്രാക്‌നെല്‍ (16 പന്തില്‍ 36), മാക്‌സ് ഹോള്‍ഡന്‍ (35 പന്തല്‍ 68) റയാന്‍ ഹിഗ്ഗിങ്‌സ് (24 പന്തില്‍ 48) എന്നിവര്‍ തകര്‍ത്തടിച്ചതോടെ മിഡില്‍സെക്‌സ് നാല് പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഈ വിജയത്തോടെ വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ചരിത്രം സൃഷ്ടിക്കാനും മിഡില്‍സെക്‌സിന് സാധിച്ചിരുന്നു. വൈറ്റാലിറ്റി ബ്ലാസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സ് എന്ന റെക്കോഡാണ് മിഡില്‍സെക്‌സ് സ്വന്തമാക്കിയത്.

മിഡില്‍സെക്‌സിനെതിരെ തോറ്റെങ്കിലും സൗത്ത് ഗ്രൂപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരാന്‍ സറേക്ക് സാധിച്ചിരുന്നു. 12 മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റോടെയാണ് സറേ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

ജൂണ്‍ 30നാണ് ടൂര്‍ണമെന്റില്‍ സറേയുടെ അടുത്ത മത്സരം. പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള സോമര്‍സെറ്റാണ് എതിരാളികള്‍.

Content Highlight: Will Jacks hits 5 sixes in an over

Latest Stories

We use cookies to give you the best possible experience. Learn more