| Sunday, 28th June 2026, 9:30 am

'ഗോമാതാവിനെ സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടും'; ഹരിയാനില്‍ പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാക്കളെ ആക്രമിച്ചതിന് പിന്നാലെ ഗോരക്ഷാ ദള്‍

നിഷാന. വി.വി

ഹരിയാന: കന്നുകാലി കടത്താരോപിച്ച് രണ്ട് മുസ്‌ലിം വ്യാപാരികളെ ആക്രമിച്ച് സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് പശു കടത്താരോപിച്ച് ഗോരക്ഷാ ദളും മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളും ചേര്‍ന്ന് യുവാക്കളെ മര്‍ദിക്കുകയും പൊതുജനമധ്യത്തില്‍ അപമാനിക്കുകയും ചെയ്തത്.

സംഭവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സ്വയം പ്രഖ്യാപിത ഗോ രക്ഷകരും, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് യുവാക്കളെ അര്‍ധ നഗ്നരാക്കി ലാത്തികൊണ്ട് മര്‍ദിക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.

പശുക്കളെ അനധികൃതമായി ബിഹാറിലേക്ക് തട്ടികൊണ്ടുപോവുകയാണെന്നായിരുന്നു ഹിന്ദുത്വരുടെ ആരോപണം. തങ്ങള്‍ ട്രക്കിനെ പിന്തുടര്‍ന്നപ്പോള്‍ കന്നുകാലി വ്യാപാരികള്‍ തങ്ങള്‍ക്ക് നേരെ വെടിവെച്ചതായും ഗോരക്ഷകര്‍ അവകാശപ്പെടുന്നു.

തങ്ങള്‍ ഗോമാതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ തങ്ങളെ പിന്തുണയ്ക്കുന്നതിന് പകരം ‘ഗുണ്ടകള്‍’ എന്ന് വിളിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ രണ്ട് യുവാക്കളെയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അനധികൃത പശുക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

സൗഹാര്‍ദ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും, തങ്ങളുടെ മതം സംരക്ഷിക്കാനും പശുഹത്യ തടയാനും പൊതുജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കണമെന്നും ഒരു ഗോരക്ഷാ ദള്‍ നേതാവ് ആവശ്യപ്പെട്ടു. അവസാന ശ്വാസം വരെ അതിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Will fight till the last breath to protect Mother Cow; Gau Raksha Dal after Muslim youth attacked in Haryana on charges of cow smuggling

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more