| Tuesday, 1st September 2026, 8:03 am

' ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും'; അമേരിക്കയോട് കടുപ്പിച്ച് ഇറാന്‍

അഞ്ജു ചന്ദ്രന്‍

ടെഹ്‌റാന്‍: ഇറാനെതിരായ ശത്രുതാപരമായ നടപടികള്‍ക്കെല്ലാം കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വ്യോമ പ്രതിരോധ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലിറേസ എല്‍ഹാമി. അമേരിക്കന്‍ സൈന്യം ഇറാനിലെ ലാറക് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് എല്‍ഹാമിയുടെ പ്രതികരണം.

അമേരിക്ക വീണ്ടും പ്രകോപനം നടത്തിയാല്‍ ഇറാന്‍ സായുധസേന തക്കതായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് പിന്നാലെ ഇറാനും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

‘ശത്രുക്കള്‍ വീണ്ടും തെറ്റ് ചെയ്താല്‍ അതിന് തക്കതായ തിരിച്ചടി നേരിടേണ്ടിവരും’ എല്‍ഹാമി പറഞ്ഞു.

ഇറാന്റെ വ്യോമപ്രതിരോധ സേന പൂര്‍ണ ജാഗ്രതയിലാണെന്നും രാജ്യത്തിന്റെ വ്യോമാതിര്‍ത്തികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ നിരവധി പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അവതരിപ്പിച്ചതായും എല്‍ഹാമി പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്റെ ഈ ശക്തമായ മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക-ഇറാന്‍ സംഘര്‍ഷം വീണ്ടും ശക്തമാകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണവ്യാപാരത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

2026 ഫെബ്രുവരിയല്‍ അമേരിക്കയുടെയും ഇസ്രഈലിന്റെയും സൈന്യങ്ങള്‍ ഇറാനു നേരെ വലിയതോതിലുള്ള സൈനിക ആക്രമണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നാവിക ഉപരോധങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കാരണമായി.

വിദേശ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ നടപ്പാക്കിയെങ്കിലും കരാറുകള്‍ ലംഘിച്ച് വ്യോമാക്രമണങ്ങളും വെടിവയ്പ്പുകളും ഇരു രാജ്യങ്ങളും തുടരുകയാണ്.

Content Highlights: ‘Will face a severe backlash if attacked’; Iran takes a tough stance against the US.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more