| Friday, 17th July 2026, 4:26 pm

തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടും, അത് തെറ്റെങ്കില്‍ വീണ്ടും ആവര്‍ത്തിക്കും; തുറന്നടിച്ച് അലോഷ്യസ് സേവ്യര്‍

ആദർശ് എം.കെ.

കൊച്ചി: തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുമെന്നും, ആ നടപടി തെറ്റാണെന്ന് സര്‍ക്കാരിന് തോന്നുന്നുണ്ടെങ്കില്‍ ആ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതിരുന്നതിനും പിന്നാലെയാണ് അലോഷ്യസ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

‘കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുക, പുഞ്ചിരിക്കുക എന്നത് ഞാന്‍ പഠിച്ച രാഷ്ട്രീയമാണ്. അദ്ദേഹം എന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.

മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാത്തതിനെ വലിയൊരു തെറ്റായി കാണുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രിയാണ്. എത്രയോ കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യാപൃതനാകേണ്ടതുണ്ട്.

മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമം ഇനിയും തുടരും. കാരണം വി.ഡി. സതീശന്‍ തന്റെയും കൂടി നേതാവാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് അദ്ദേഹം,’ അലോഷ്യസ് പറഞ്ഞു.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ കെ.എസ്.യുവിന് റോള്‍ ഇല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് സാങ്കേതികമായി അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാമെന്ന് അലോഷ്യസ് സമ്മതിച്ചു. എങ്കിലും സംഘടനയുടെ വികാരം ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

‘പത്തു വര്‍ഷക്കാലം കേരളത്തിലെ ക്യാമ്പസുകളിലും തെരുവുകളിലും ഇടതുപക്ഷ സര്‍ക്കാരിനെതിരെ, പിണറായി സര്‍ക്കാരിനെതിരെ പോരാടി വലിയ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരായ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോരയും നീരും വിയര്‍പ്പുമാണ് ഈ സര്‍ക്കാര്‍ എന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ ഞങ്ങളെയെല്ലാം കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രതിനിധി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വന്നപ്പോള്‍, അത് തിരുത്തണമെന്ന് സര്‍ക്കാരിനോട് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെ.എസ്.യു ചെയ്തത്. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കുക എന്നതാണ് എന്റെ രാഷ്ട്രീയം.

2015-19 കാലഘട്ടത്തില്‍ തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐയുടെ മര്‍ദനങ്ങളെയും പീഡനങ്ങളെയും അതിജീവിച്ചാണ് കെ.എസ്.യു മുന്നോട്ടുപോയത്. അന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൂട്ടത്തില്‍ പെട്ട ഒരാള്‍ യു.ഡി.എഫ് ഭരണകാലത്ത് ഗവണ്‍മെന്റ് പ്ലീഡറായി വരുമ്പോള്‍ അതിനെതിരെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ഉയര്‍ത്തുന്ന വികാരത്തോട് ചേര്‍ന്നുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷവും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നടത്തുന്ന പ്രചാരണങ്ങളെ അലോഷ്യസ് രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ 10 വര്‍ഷം പിണറായി വിജയന്‍ ഭരിച്ചപ്പോള്‍ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പോലും എസ്.എഫ്.ഐക്കാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല, അതിനുള്ള ആര്‍ജവം അവര്‍ കാണിച്ചിട്ടുമില്ല. അത്തരം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖ്യമന്ത്രിയുമല്ലായിരുന്നു പിണറായി വിജയന്‍.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ഭരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സ്വതന്ത്രമായ നിലപാടുള്ള പ്രസ്ഥാനമാണ്. കൊടിയുടെ നിറം നോക്കാതെ വിദ്യാര്‍ത്ഥിപക്ഷ അവകാശങ്ങള്‍ക്കായി കെ.എസ്.യു സംസാരിക്കും.

സര്‍ക്കാരിന് കളങ്കമുണ്ടാക്കാന്‍ കെ.എസ്.യു ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഈ സര്‍ക്കാര്‍ മികച്ചു വരണമെന്നാണ് ആഗ്രഹമെന്നും അലോഷ്യസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മര്യാദയെ ചോദ്യം ചെയ്യാനുള്ള വലുപ്പം തനിക്കില്ല. ഒരു മനുഷ്യനെന്ന നിലയില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന്, താന്‍ മജ്ജയും മാംസവുമുള്ള വിദ്യാര്‍ത്ഥി നേതാവാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കെ.പി.സി.സി നേതൃത്വം താനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും കെ.എസ്.യുവിന്റെ പ്രയാസങ്ങളും സങ്കടങ്ങളും കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി.

തന്റെ പരിഭവങ്ങളും നിലപാടുകളും പബ്ലിക് പ്ലാറ്റ്ഫോമില്‍ വിളിച്ച് പറഞ്ഞ് വലിയ ടാഗ് ലൈനുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ വേദികളില്‍ അത് കൃത്യമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Will continue to point out errors; Aloshius Xavier speaks out bluntly.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more