| Thursday, 5th February 2026, 7:13 am

ആറാമനാവാൻ മാഹ്ത്രെ; കോഹ്‌ലിയും കൈഫും നേടിയത് ആവർത്തിക്കാൻ ഇന്ത്യ

ഫസീഹ പി.സി.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ചാണ് ടീം കലാശപ്പോരിന് യോഗ്യത നേടിയത്. ഹൈദരാബാദി മലയാളി ആരോൺ ജോർജിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ടീമിന്റെ വിജയം.

ഈ വിജയത്തോടെ ഇന്ത്യൻ കൗമാരപട തുടർച്ചയായ ആറാം വർഷമാണ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2016 മുതൽ ടൂർണമെന്റ് നടന്ന ഓരോ വർഷവും മെൻ ഇൻ ബ്ലൂവിന്റെ കൗമാര സംഘം കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.

Photo: BCCI/x.com

ഇതിന് പുറമെ, ഇതുവരെ നടന്ന 15 എഡിഷനുകളിൽ ഒമ്പത് തവണ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിസ്റ്റുകളായി. ഇപ്പോൾ ഈ വർഷം തങ്ങളുടെ 10ാം ഫൈനലിനാണ് ഇന്ത്യൻ സംഘം ഒരുങ്ങുന്നത്. അതാകട്ടെ അപരാജിത കുതിപ്പ് നടത്തിയാണ് എന്നതാണ് ശ്രദ്ധേയം.

ഈ വർഷത്തെ ഫൈനലിൽ ഇംഗ്ലണ്ട് എതിരാളികളായി എത്തുമ്പോൾ ആയുഷ് മാഹ്ത്രെയും സംഘവും ലക്ഷ്യമിടുന്നത് ടീമിന്റെ മറ്റൊരു കിരീടമാണ്. ഇത്തവണ ഫൈനലിൽ ഇംഗ്ലണ്ടിന് തോൽപ്പിച്ച് കപ്പിൽ മുത്തമിടാനായാൽ ഇന്ത്യയ്ക്ക് ആറാം കിരീടം തങ്ങളുടെ ഷെൽഫിലെത്തിക്കാം.

മറ്റൊരു ഫൈനലിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ മാഹ്ത്രെയുടെ മനസിൽ കഴിഞ്ഞ വർഷം ടീം അവസാന നിമിഷം കൈവിട്ട കിരീടം നേടിയെടുക്കുക എന്നത് തന്നെയാകും ലക്ഷ്യം. ഒപ്പം ഇന്ത്യയ്ക്ക് വേണ്ടി കപ്പുയർത്തിയ നായകന്മാരുടെ പേരുകളിൽ തന്റേത് കൂടി ചേർക്കാനുമാകും.

അണ്ടർ 19 ലോകകപ്പുമായി മുഹമ്മദ് കൈഫ് .Photo: Wikipedia.com

മുഹമ്മദ് കൈ ഫിന്റെ കീഴിയിലായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിട്ടത്. 2000ൽ ശ്രീലങ്കൻ ടീമിനെ തോൽപ്പിച്ചായിരുന്നു കന്നി കിരീടനേട്ടം. പിന്നീട് മറ്റൊരു കപ്പിനായി ടീമിന് എട്ട് വർഷം കാത്തിരിക്കേണ്ടി വന്നു. 2008ൽ ഇന്ത്യയെ ജേതാക്കളാക്കിയത് സൂപ്പർ താരം വിരാട് കോഹ്‌ലിയായിരുന്നു. സൗത്ത് ആഫ്രിക്കയെ തകർത്തായിരുന്നു ഈ നേട്ടം.

അണ്ടർ 19 ലോകകപ്പുമായി വിരാട് കോഹ്‌ലി. Photo: Wikipedia/x.com

അതിന് ശേഷം ഇന്ത്യ തങ്ങളുടെ മൂന്നാം അണ്ടർ 19 കിരീടം സ്വന്തമാക്കിയത് 2012ൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ്. ഉന്മുക്ത് ചന്ദായിരുന്നു അന്ന് നീലപ്പടയുടെ കപ്പിത്താൻ. പിന്നീട് 2018ൽ പൃഥ്വി ഷായും 2022ൽ യാഷ് ഡുൾ ഇന്ത്യയെ വീണ്ടും അണ്ടർ 19 ജേതാക്കളാക്കി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ വർഷങ്ങളിൽ ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞത്.

അവസാനം ലോകകപ്പ് നടന്ന 2024ൽ ഇന്ത്യ ഈ നേട്ടം വീണ്ടും ആവർത്തിക്കാമെന്ന് കരുതിയെങ്കിലും ഉദയ് സഹാറന്റെ സംഘത്തിന് നിരാശയായിരുന്നു ഫലം. അതുകൊണ്ട് തന്നെ കഴിഞ്ഞ എഡിഷനിലെ കണ്ണീരോർമ മായ്ച്ച് കളയാനാണ് ഇന്ത്യൻ സംഘം ഇത്തവണ ഇറങ്ങുന്നത്.

Content Highlight: will Ayush Mhatre become India’s 6th captain to win U19 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more