ജക്കാർത്ത: ഈ വർഷം ഇന്തോനേഷ്യൻ വനങ്ങളിലും പീറ്റ് ലാൻഡ് പ്രദേശങ്ങളിലുമുണ്ടായ കാട്ടുതീ മൂലം സാമ്പത്തിക നഷ്ടം 30 ബില്യൺ ഡോളറിലെത്തുമെന്ന് പഠനം.
ജക്കാർത്തയിലെ സെന്റർ ഓഫ് ഇക്കണോമിക് ആൻഡ് ലോ സ്റ്റഡീസാണ് (CELIOS) പഠനം നടത്തിയത്. 2026ൽ 71 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് നൂസന്താര അറ്റ്ലസ് എന്ന വനനശീകരണ നിരീക്ഷണ ഏജൻസിയുടെ കണക്ക്.
ഇന്തോനേഷ്യയിലെ വനങ്ങളിലും ചതുപ്പുനിലങ്ങളിലും ഈ വർഷം പടർന്നുപിടിച്ച കാട്ടുതീ രാജ്യത്തിന് 30 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു.
വസ്തുക്കളുടെ നാശനഷ്ടവും സാമ്പത്തിക പ്രവർത്തനങ്ങളുടെ തടസവും മാത്രം ഏകദേശം 18.6 ബില്യൺ ഡോളർ വരുമെന്ന് സെലിയോസിന്റെ പഠനത്തിൽ പറയുന്നു. ഇത് ഇന്തോനേഷ്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 2.69 ശതമാനത്തിനടുത്ത് വരുമെന്നും പഠനത്തിൽ പറയുന്നു.
ഇന്തോനേഷ്യയിലെ ബോർണിയോ, സുമാത്ര, പാപുവ ദ്വീപുകളിൽ കാട്ടുതീ മൂലമുണ്ടായ ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്കായി 12.3 ബില്യൺ ഡോളർ വരെ അധിക ചെലവ് ഉണ്ടാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നേരിട്ടും അല്ലാതെയും പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന്റെ സഹരചയിതാവും സെലിയോസിന്റെ ഡയറക്ടറുമായ നൈലുൽ ഹുദ എ.എഫ്.പിയോട് പറഞ്ഞു.
വേനൽക്കാലത്ത് ഇന്തോനേഷ്യയിൽ കാട്ടുതീ ഉണ്ടാകുമെങ്കിലും ഈ വർഷത്തെ കാട്ടുതീ ഗുരുതരമായിരുന്നു. ശക്തമായ എൽനിനോ പ്രതിഭാസം, കാലാവസ്ഥ വ്യതിയാനം, വനനശീകരണം, ഖനനത്തിനും തോട്ടങ്ങൾക്കുമായി ചതുപ്പ് നിലങ്ങളിലെ വെള്ളം വറ്റിക്കുന്നത് തുടങ്ങിയവയാണ് കാട്ടുതീ ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന് ഗവേഷകർ പറഞ്ഞിരുന്നു.
കാട്ടുതീയിൽ നിന്നുണ്ടായ വിഷപ്പുക ഇന്തോനേഷ്യയിലെ ലക്ഷകണക്കിന് ആളുകളെ രോഗികളാക്കുകയും മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് വിഷപ്പുക വ്യാപിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlight: Wildfires in Indonesia; study suggests economic losses could reach $30 billion