| Saturday, 8th August 2026, 9:23 pm

വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനിടെയുള്ള ഭാര്യയുടെ മരണം; സ്ത്രീധന പീഡന തെളിവുണ്ടെങ്കില്‍ 'സ്ത്രീധന മരണ'മായി കണക്കാക്കാം: അലഹാബാദ് ഹൈക്കോടതി

ആദർശ് എം.കെ.

ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെടുകയും, മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവോ ബന്ധുക്കളോ പീഡിപ്പിച്ചിരുന്നു എന്ന് തെളിയുകയും ചെയ്താല്‍, പ്രതികളുടെ നേരിട്ടുള്ള ഇടപെടലിന് തെളിവില്ലെങ്കില്‍ പോലും അതിനെ ‘സ്ത്രീധന മരണം’ (Dowry Death) ആയി കണക്കാക്കാമെന്ന് അലഹാബാദ് ഹൈക്കോടതി.

അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീധന മരണക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സന്ദീപ് സിങ് ഹോറ എന്നയാളുടെ ശിക്ഷ പത്ത് വര്‍ഷത്തെ കഠിനതടവായി കുറച്ചുകൊണ്ടാണ് ജസ്റ്റിസ് അബ്ദുള്‍ മോയിന്‍, ജസ്റ്റിസ് പ്രമോദ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസിന്റെ വിശദമായ വിധി പുറപ്പെടുവിച്ചത്.

ഐ.പി.സി 304ആ (സ്ത്രീധന മരണം) പ്രകാരമുള്ള കുറ്റം നിലനില്‍ക്കാന്‍ മൂന്ന് കാര്യങ്ങളാണ് പ്രധാനം. വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനുള്ളിലെ മരണം, അസ്വാഭാവിക മരണം, മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ നടന്നിട്ടുള്ള പീഡനം. ഇവ തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ നിയമത്തിലെ സെക്ഷന്‍ 113B പ്രകാരം പ്രതി സ്ത്രീധന മരണം നടത്തിയതായി നിയമം അനുമാനിക്കും.

മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ പ്രതിയുടെ നേരിട്ടുള്ള പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ എല്ലാ കേസ് ഘട്ടങ്ങളിലും ലഭ്യമാകണം എന്നില്ല. എന്നാല്‍ മരണത്തിനു മുമ്പ് സ്ത്രീധന പീഡനം നടന്നിട്ടുണ്ട് എന്ന് വ്യക്തമായാല്‍ തന്നെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പ്രതിക്ക് മേല്‍ വരും.

കേസില്‍ കുറ്റകൃത്യം വ്യക്തമായി തെളിയിക്കപ്പെട്ടതിനാല്‍ സന്ദീപിന്റെ ശിക്ഷ കോടതി ശരിവെച്ചെങ്കിലും, എല്ലാ സ്ത്രീധന മരണക്കേസുകളിലും ജീവപര്യന്തം തടവ് സ്വയമേവ നല്‍കേണ്ടതില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

നിയമപ്രകാരം കുറഞ്ഞ ശിക്ഷ 7 വര്‍ഷവും പരമാവധി ജീവപര്യന്തവുമാണ്. കേസിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ശിക്ഷ പത്ത് വര്‍ഷത്തെ തടവായി നിര്‍ണയിക്കുകയായിരുന്നു.

ലഖ്നൗവിലെ ടോക്കറ്റോറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2010 ജൂണ്‍ 29നാണ് സംഭവം നടക്കുന്നത്. സന്ദീപ് സിങ് ഹോറയുടെ ഭാര്യ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരവും ഐ.പി.സി 304B പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയും, വിചാരണക്കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഈ ശിക്ഷാവിധിക്കെതിരെ സന്ദീപ് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ പത്ത് വര്‍ഷമായി കുറച്ചത്.

Content Highlight: Wife’s death within seven years of marriage; can be treated as ‘dowry death’ if there is evidence of dowry harassment: Allahabad High Court.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more