| Sunday, 12th January 2025, 1:30 pm

ദാമ്പത്യബന്ധം പിരിയാന്‍ സാധുതയുള്ള കാരണങ്ങളുണ്ടെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദാമ്പത്യബന്ധം പിരിയാന്‍ സാധുതയുള്ള കാരണങ്ങളുണ്ടെങ്കില്‍ സ്ത്രീക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതിയായ കാരണങ്ങളാലാണ് ബന്ധം വേര്‍പിരിയുന്നതെങ്കില്‍ ക്രിമിനല്‍ നിയമം സെക്ഷന്‍ 125 പ്രകാരം ജീവനാംശം ക്ലെയിം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ദാമ്പത്യജീവിതം പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവുണ്ടെങ്കിലും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വിസമ്മതിക്കുന്ന പങ്കാളിക്ക് ജീവനാംശം നല്‍കണമെന്നാണ് കോടതി ഉത്തര് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

സെക്ഷന്‍ 125 പ്രകാരം ജീവനാംശത്തിന് പങ്കാളിക്ക് അവകാശമുണ്ടെന്നും ഭര്‍ത്താവിന്റെ ആഗ്രഹം പോലെ ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് പങ്കാളി വിസമ്മതിക്കുകയാണെങ്കില്‍ പങ്കാളിയുടെ അവകാശത്തിനാണ് മുന്‍തൂക്കമെന്നും കോടതി പരാമര്‍ശിച്ചു.

ജാര്‍ഖണ്ഡില്‍ 2014ല്‍ വിവാഹിതരാവുകയും 2015ല്‍ വേര്‍പിരിയുകയും ചെയ്ത ദമ്പതികളുടെ കേസിലാണ് കോടതി വിധി. വേര്‍പിരിഞ്ഞ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പോയതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവരുന്നതിന് വേണ്ടി യുവാവ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കാറ് വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തന്നെ യുവാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതി കോടതിയില്‍ മൊഴി നല്‍കിയത്.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ജീവനാംശം നല്‍കണമെന്നുമായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനാംശം നല്‍കില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ യുവതി സുപ്രീം കോടതിയ സമീപിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിക്ക് അനാവശ്യമായ വെയിറ്റേജ് നല്‍കേണ്ടതില്ലെന്ന് പറഞ്ഞ സുപ്രീംകോടതി വേര്‍പിരിഞ്ഞ പങ്കാളിക്ക് 10000 രൂപ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

Content Highlight: Wife entitled to alimony if there are valid grounds for dissolution of marriage: Supreme Court

We use cookies to give you the best possible experience. Learn more